സെക്യൂരിറ്റി ഓഫീസറെന്ന വ്യാജേന മുക്കുപണ്ട പണയത്തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
കൊച്ചി: സെക്യൂരിറ്റി ഓഫീസർ എന്ന വ്യാജേന സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളെ സമീപിച്ച് മുക്കുപണ്ടം പണയപ്പെടുത്തി പണം കൈക്കാലാക്കുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി വി. സതീഷാണ് (39) എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്.
പനമ്പിള്ളിനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് മുക്കുപണ്ടം നൽകി 40980 രൂപയാണ് കൈക്കലാക്കിയത്. ഡിസംബർ 19നായിരുന്നു ഇടപാട്. സ്ഥാപന നടത്തിപ്പുകാരനോട് സെക്യൂരിറ്റി ഓഫീസറെന്നാണ് പരിചയപ്പെടുത്തിയത്. 4.10 ഗ്രാമിന്റെ മുക്കുപണ്ട മാലയാണ് സ്വർണമാലയെന്ന് പറഞ്ഞത് നൽകിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ വരാതിരുന്നതിനെ തുടർന്ന് സംശയംതോന്നി വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചതും തേവര സ്റ്റേഷനിൽ പരാതിപ്പെട്ടതും.
സൗത്ത് എസ്.എച്ച്.ഒ എം.ബി. രാജേഷ്, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിൽ അമ്പലമേടിൽനിന്നാണ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് മുക്കുപണ്ട മാലകൾ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തട്ടിപ്പുകൾ നടത്താൻവേണ്ടി കരുതിയതാണെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം സ്വദേശിയാണെങ്കിലും കരിമുകൾ വെള്ളൂർ മേൽവിലാസമുള്ള ആധാർ കാർഡാണ് ഇയാൾക്കുള്ളത്. ഇതുൾപ്പെടെ പൊലീസ് അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.