ജനവാസമേഖലയിൽ കാലാവസ്ഥ നിരീക്ഷണ ബലൂൺ വീണു,​ പരിഭ്രാന്തി വേണ്ടെന്ന് ഐ.എസ്.ആർ.ഒ

Saturday 25 April 2026 1:28 AM IST

കല്ലമ്പലം: പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം ജംഗ്ഷന് സമീപം ഹൈഡ്രജൻ ബലൂണിൽ ഘടിപ്പിച്ച കാലാവസ്ഥാ പഠനോപകരണം വീണത് നാട്ടുകാരിൽ ആശങ്ക പരത്തി. കഴിഞ്ഞ ദിവസം രാത്രി 8ഓടെയായിരുന്നു സംഭവം.ബൈക്ക് യാത്രക്കാരുടെ മുകളിലേക്കാണ് ഉപകരണം പതിച്ചതെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

ചിപ്പും മോട്ടോറും ഘടിപ്പിച്ച നിലയിലുള്ള അസ്വാഭാവിക വസ്തു കണ്ട് ഭയന്ന നാട്ടുകാർ ഉടൻ പള്ളിക്കൽ പൊലീസിനെ വിവരമറിയിച്ചു.തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് ഉപകരണത്തിൽ ഐ.എസ്.ആർ.ഒ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ഐ.എസ്.ആർ.ഒ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ,കാലാവസ്ഥാ വ്യതിയാനം പഠിക്കുന്നതിനായി വിക്ഷേപിച്ച ബലൂണാണിതെന്നും ഇതിൽ അപകടകരമായ വസ്തുക്കളൊന്നുമില്ലെന്നും അവർ വ്യക്തമാക്കി. സാധാരണഗതിയിൽ നിരീക്ഷണം പൂർത്തിയാക്കി കടലിൽ പതിക്കേണ്ട ഇത്തരം ബലൂണുകൾ, ശക്തമായ കാറ്റിൽ ദിശ മാറി ജനവാസ മേഖലയിൽ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഉപകരണം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പള്ളിക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.തുടർന്ന് ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി ഉപകരണം ഏറ്റുവാങ്ങി.