തീരദേശത്തും പാമ്പ് ശല്യം രൂക്ഷം
കടയ്ക്കാവൂർ:വേനൽ കടുത്തതോടെ തീരദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷം.പ്രദേശത്ത് കൂടുതലായി കാണുന്നത് അണലി,ശംഖുവരയൻ,മൂർഖൻ എന്നീ ഇനത്തിൽപ്പെട്ടവയാണ്.തോടുകളും കുളങ്ങളും വറ്റിയതോടെ ഇഴജന്തുക്കൾ ജനവാസ മേഖലകളിലേക്ക് എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
രാത്രിയിൽ ഭയത്തോടെയല്ലാതെ പുറത്തിറങ്ങാൻ കഴിയില്ല. കഴിഞ്ഞ വേനലിലും തീരപ്രദേശത്ത് പാമ്പുകടിയേറ്റ് ഒരു ജീവൻ പൊലിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് പലർക്കും ജീവൻ തിരിച്ചികിട്ടിയത്. ആന്റിവെനം അടക്കമുള്ള ജീവൻരക്ഷാ മരുന്നുകൾ താലൂക്കാശുപത്രികളിൽ പോലും ലഭ്യമാകുന്നില്ലെന്ന പരാതിയും ശക്തമാണ്.
തീരദേശവാസികളുടെ ആവശ്യം
1.ആന്റിവെനം ഉൾപ്പെടെയുള്ള ജീവൻരക്ഷാമരുന്നുകൾ പ്രാഥമികകേന്ദ്രങ്ങളിലുൾപ്പെടെ ലഭ്യമാക്കുക.
2.പാമ്പ് പിടിക്കുന്നതിന് ജനങ്ങൾക്ക് പരിശീലനം നൽകുക
3.പാമ്പ് കടിയേറ്റാൽ എന്തൊക്കെ ചെയ്യണമെന്നുള്ള ബോധവത്കരണക്ലാസ് പഞ്ചായത്ത് തലങ്ങളിൽ സംഘടിപ്പിക്കുക
4.പാമ്പ് ശല്യം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുക
ജനസാന്ദ്രത കണക്കിലെടുത്ത് ആന്റിവെനം ഉൾപ്പെടെയുള്ള ജീവൻ രക്ഷാമരുന്നുകൾ അഞ്ചുതെങ്ങ് സർക്കാർ ആശുപത്രിയിലും ലഭ്യമാക്കണം.
ജോർജ്പെരേര,കൺവീനർ
അഞ്ചുതെങ്ങ് സംരക്ഷണസമിതി