ഭാര്യാ പിതാവ് മരുമകനെ വെട്ടി പരിക്കേൽപിച്ചു
കട്ടപ്പന: മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരിക്കേൽപിച്ച ഭാര്യാ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണികുട്ടനാണ് പരിക്കേറ്റത്. മണിക്കുട്ടന്റെ ഭാര്യാ പിതാവായ മാട്ടുക്കട്ട മറ്റത്തിൽ ബാബു എന്ന് വിളിക്കുന്ന ബേബി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. അയ്യപ്പൻകോവിൽ മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് മുന്നിൽ മണികുട്ടൻ സുഹൃത്തുകളുമായി സംസാരിച്ച് നിൽക്കുകയായിരുന്നു. ഈ സമയം പിന്നിൽ നിന്ന് വന്ന ബേബി എയർഗൺ ഉപയോഗിച്ച് വെടി വച്ചു. ഭാഗ്യത്തിന് ഉന്നം പിഴച്ചു. പിന്നീട് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഒഴിഞ്ഞു മാറിയതിനാൽ കുത്ത് കൈയ്ക്കാണ് കൊണ്ടത്. മാരകമായി കൈയ്ക്ക് മുറിവേറ്റ മണികണ്ഠനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ശികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ബേബി മാത്യുവിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 13 മുതൽ ഇരുവരും തമ്മിൽ ശത്രുതയിലായിരുന്നു. കുടുബ പ്രശ്നവും സാമ്പത്തിക പ്രശ്നവും നിലനിന്നിരുന്നു. ഇതിന് മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. കസ്റ്റഡിയിലെടുത്ത ബേബി മാത്യുവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.