ബംഗാളിൽ 2011 ആവർത്തിക്കുമോ, ഉയർന്ന പോളിംഗിന്റെ സന്ദേശമെന്ത്
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 90 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയതിൽ കൂടുതൽ സന്തോഷം ബി.ജെ.പിക്കാണ്. മുമ്പ് കനത്ത പോളിംഗ് രേഖപ്പെടുത്തിയ 2011ലാണ് 34 വർഷം ഭരിച്ച സി.പി.എമ്മിനെ പരാജയപ്പെടുത്തി തൃണമൂൽ അധികാരത്തിലേറിയത്. 15 വർഷത്തിനിപ്പുറം വോട്ടർമാർ ഒന്നിച്ചെത്തിയത് മറ്റൊരു ഭരണമാറ്റത്തിനുള്ള സൂചനയോ എന്നറിയാൻ മേയ് 4വരെ കാത്തിരിക്കണം. ഏപ്രിൽ 29ന് 142 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കൂടി കഴിഞ്ഞാൽ ചിത്രം കുറച്ചുകൂടി വ്യക്തമാകും.
സംസ്ഥാനത്ത് 2011ൽ തൃണമൂലിന്റെ കുതിപ്പിനിടയാക്കിയ തിരഞ്ഞെടുപ്പിൽ 84.72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം നടന്ന 2016(83.02%), 2021(82.3%) നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോളിംഗ് താണു. 2014(82.22%), 2019(81.76%), 2024(79.55%) ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സമാനമായിരുന്നു അവസ്ഥ. സ്‌ത്രീവോട്ടർമാരുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. 2011ൽ ആകെ വനിതാ വോട്ടർമാരിൽ 84.45% വോട്ടു ചെയ്‌തു. പിന്നീടുള്ള വർഷങ്ങളിൽ ഒരു തിരഞ്ഞെടുപ്പിലും അത് ആവർത്തിച്ചില്ല. എന്നാൽ 23ന് നടന്ന തിരഞ്ഞെടുപ്പിൽ 90ശതമാനത്തിന് മുകളിൽ വനിതാ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തൃണമൂൽ എതിരാളികളെ വോട്ടു ചെയ്യാൻ അനുവദിച്ചിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. എതിർ സ്ഥാനാർത്ഥികളെയും വോട്ടർമാരെയും ഭീഷണിപ്പെടുത്തി തടയുന്നതും പതിവായിരുന്നു. ഇക്കുറി കേന്ദ്രസേനയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കർശന നടപടികൾ മൂലം വോട്ടർമാർക്ക് ഭീതികൂടാതെ ബൂത്തിലെത്താൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.
കനത്ത പോളിംഗ് 152ൽ 110 സീറ്റിൽ ബി.ജെ.പിക്ക് ജയമുറപ്പിച്ചതായി ആഭ്യന്തര മന്ത്രി അമിത് പറഞ്ഞത് ശ്രദ്ധേയം. പോളിംഗ് കൂടിയതിന്റെ നേട്ടം തങ്ങൾക്കാണെന്ന് ഭരണകക്ഷിയായ തൃണമൂലും അവകാശപ്പെടുന്നുണ്ട്.
കേന്ദ്രസേനയെ
നിയന്ത്രിച്ച് അമിത് ഷാ
ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷൻ നിതിൻ നബിനെ ഡൽഹിയിലിരുത്തി കൊൽക്കത്തയിൽ ക്യാമ്പുചെയ്‌ത് പ്രചാരണത്തിന് നേതൃത്വം നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഷാ നേരിട്ട് കളത്തിലിറങ്ങിയതിന് മറ്റൊരു മാനം കൂടിയുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ അക്രമം നിയന്ത്രിക്കാനും വോട്ടർമാരെ സുരക്ഷിതരായി ബൂത്തുകളിലെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക നിർദ്ദേശങ്ങളോടെയാണ് ഇക്കുറി കേന്ദ്ര സേനയെ ബംഗാളിൽ വിന്ന്യസിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സി.ആർ.പി.എഫിനും സി.ഐ.എസ്.എഫിനുമാണ് ചുമതല. ഷാ പാർട്ടി പ്രചാരണത്തിനൊപ്പം നിർണായക കേന്ദ്രങ്ങളിൽ സേനകളുടെ സാന്നിദ്ധ്യവും നീക്കവും ഉറപ്പാക്കി. വോട്ടെടുപ്പ് ദിനം ബി.ജെ.പി 'വാർ റൂമിൽ' അമിത് ഷാ എല്ലാം നേരിട്ട് വിലയിരുത്തി. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ സേനയുടെ വിശദാംശങ്ങൾ അദ്ദേഹത്തിന് തൽസമയം ലഭിച്ചിരുന്നു.
ബംഗാൾ:രണ്ടാം ഘട്ട പ്രചാരണം ശക്തം
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിൽ കനത്ത പോളിംഗ് രേഖപ്പെടുത്തിയതിന്റെ ആവേശത്തിൽ 29ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ശക്തമാക്കി പാർട്ടികൾ. ബി.ജെ.പിക്കായി പ്രധാനമന്ത്രി കൊൽക്കത്തയിൽ ക്യാമ്പു ചെയ്താണ് പ്രചാരണം നടത്തുന്നത്. ഇന്നലെ ആർജിക്കർ മെഡിക്കൽ കോളേജ് ഇരയുടെ മാതാവ് മത്സരിക്കുന്ന പാനിഹതിയിൽ അദ്ദേഹം റാലി നടത്തി. ഭരണകക്ഷിയായ തൃണമൂൽ ബംഗാളിന് നൽകിയത് അഴിമതിയും നുഴഞ്ഞുകയറ്റവും സ്ത്രീവിരുദ്ധതയുമാണെന്ന് മോദി ആരോപിച്ചു. ബി.ജെ.പി വന്നാൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്നും സിൻഡിക്കേറ്റ് രാജ്, തൊഴിലില്ലായ്മ എന്നിവയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്‌തു.ഹിംഗൽഗഞ്ചിലെ റാലിയിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നോർത്ത് 24 പർഗാനാസിലെ ജഗ്ത്ദാളിൽ റോഡ് ഷോയും നടത്തി.ഹൗറയിൽ പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി മമത ബാനർജി, 2 ലക്ഷം കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചത് ചൂണ്ടിക്കാട്ടി.