സെലീനയുടെ മരണം: ആന്റിവെനം നൽകിയില്ലെന്ന് ബന്ധുക്കൾ
കായംകുളം: കായംകുളത്ത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ വീട്ടുകാർ.
പാമ്പ് കടിയേറ്റ യുവതിക്ക് ആന്റിവെനം (പ്രതിവിഷം) നൽകാൻ അധികൃതർ തയ്യാറാകാത്തതാണ് മരണ കാരണമെന്നാണ് ആരോപണം.
കായംകുളം ചേരാവള്ളി വടക്കേ തോപ്പിൽ സെലീന (42) ആണ് വ്യാഴാഴ്ച രാത്രി പാമ്പുകടിയേറ്റ് മരിച്ചത്. അടിയന്തരമായി പ്രതിവിഷം നൽകാതെ രക്തം പരിശോധിച്ച് ഫലം കാത്തിരുന്ന് സമയം പോയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഏഴ് മണിക്ക് പാമ്പ്കടിയേറ്റ സെലീനയെ ഭർത്താവ് നജീമും മകൾ നാസിയയും 7.12 ന് തന്നെ കാറിൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.40 ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കായംകുളം വ്യാപാരി വ്യവസായി സമിതിയുടെ മെർക്കന്റയിൽ വെൽഫയർ സഹ.സംഘം സെക്രട്ടറിയായിരുന്നു സലീന.
കൊറ്റുകുളങ്ങര സ്വദേശിയായ ബന്ധുവിന്റെ വിവാഹം വ്യാഴാഴ്ച ഉച്ചക്ക് നടന്നിരുന്നു. വൈകിട്ട് ദമ്പതികളെ വധുവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സെലീനയും ഭർത്താവും മകളും. വരന്റെ വീടിന് സമീപം പാഞ്ചേരി പുരയിടത്തോട് ചേർന്നാണ് കാർ പാർക്ക് ചെയ്തിരുന്നത്. തിരികെ കാറെടുക്കാനെത്തിയപ്പോഴാണ് കാലിൽ പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെലീനയെ രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ടൗൺ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പാമ്പ് കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സാപിഴവ് ഉണ്ടായിട്ടില്ല
സെലീനയുടെ കാര്യത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് കായംകുളം സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി പറഞ്ഞു. ആശുപത്രിയിൽ എത്തിയപ്പോൾ പാമ്പ് കടിച്ച വിവരം പറഞ്ഞില്ല. സംശയം പറഞ്ഞതിനാൽ മുറിവ് പരിശോധിച്ചപ്പോൾ ഒരിടത്ത് മാത്രമേ പാട് ഉണ്ടായിരുന്നുള്ളൂ. സാധാരണ പാമ്പ് കടിച്ചാലുണ്ടാകുന്ന പാട് അല്ലായിരുന്നു ഇത്. പ്രതിവിഷം പലർക്കും അലർജിക്ക് കാരണമാകുന്നതിനാൽ രക്തപരിശോധന നടത്തി ഫലം കാത്തിരിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. പാമ്പ് കടിയേറ്റന്ന് പറഞ്ഞിരുന്നുവെങ്കിൽ ഉടൻ തന്നെ പ്രതിവിഷം നൽകുമായിരുന്നു.
കടിച്ചത് ഉഗ്രവിഷമുള്ള അണലി
സെലീനയെ കടിച്ചത് ഉഗ്രവിഷമുള്ള അണലിയാകാമെന്ന് പ്രദേശവാസികൾ പറഞ്ഞു. തേഞ്ചേരി പുരയിടത്തിലും പരിസരത്തും പാമ്പ് ശല്യം രൂക്ഷമാണ്. ഇവിടെയുള്ള വലിയ ആക്രി കടയിൽ പഴയ സാധനങ്ങൾക്ക് ഇടയിലാണ് വിഷ പാമ്പുകൾ വസിക്കുന്നത്. ഇന്നലെ നാട്ടുകാർ റോഡരുകിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു. പകൽ പോലും അണലിയും മറ്റും റോഡിലൂടെ ഇഴഞ്ഞു നീങ്ങാറുണ്ടന്ന് അവർ പറയുന്നു. പരിസരവാസികൾ ഭയത്തോടെയാണ് കഴിയുന്നത്. അതേസമയം,
കായംകുളം എൽമെക്സ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പാമ്പ് കടിക്കുള്ള ചികിത്സ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്.
ആന്റിവെനം ലഭ്യമായ
ആശുപത്രികൾ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര, ചെങ്ങന്നൂർ ജില്ലാആശുപത്രികൾ, കടപ്പുറം വനിതാ-ശിശു ആശുപത്രി, നൂറനാട് ലെപ്രസി സാനിട്ടേറിയം, താലൂക്ക് ആശുപത്രികളായ ഹരിപ്പാട്, കായംകുളം, പുളിങ്കുന്ന്, ചേർത്തല, തുറവൂർ എന്നിവിടങ്ങളിൽ വിഷചികിത്സയും ആന്റിവെനവും ലഭ്യമാണ്.
സഹായത്തിന് വിളിക്കാം:
ടോൾ ഫ്രീ നമ്പർ :18004254733.
താലൂക്ക് കൺട്രോൾ റൂം: 9447495007,0479 2412797.
അംഗീകൃത പാമ്പ് പിടിത്തക്കാരൻ: 8943232850.