ദുഷ്ടശക്തികൾ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ
നാസിക്: 28കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹേഷ് ഗിരി എന്ന് വിളിക്കപ്പെടുന്ന മഹേഷ് കാക്കഡെ (31) ആണ് പിടിയിലായത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ഏപ്രിൽ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കുടുംബവഴക്ക് പരിഹരിക്കുന്നതിനായി 2024ലാണ് യുവതിയുടെ മാതാപിതാക്കൾ ശ്രീ ദത്ത ദേവസ്ഥാനം എന്ന് പേരുള്ള മഠത്തിൽ യുവതിയെ എത്തിക്കുന്നത്. അവിടെ വച്ചാണ് മഹേഷ് ഗിരിയെ പരിചയപ്പെടുന്നത്. തനിക്ക് ദൈവീക ശക്തിയുണ്ടെന്നും രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയുമെന്നും ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചു.
യുവതിയെ ദുഷ്ടശക്തികൾ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചില ആചാരങ്ങൾ ചെയ്യാൻ ഇയാൾ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയ പ്രതി, ക്രമേണ ലൈംഗികമായി ചൂഷണം ചെയ്യാനും ആരംഭിച്ചു. യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് യുവതി പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ അന്ധവിശ്വാസ നിർമ്മാർജ്ജന സമിതിയിലെ പ്രവർത്തകർക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. അവർ യുവതിയുമായി സംസാരിച്ചതിനു പിന്നാലെയാണ് പൊലീസിൽ പരാതി നൽകാൻ തയ്യാറായത്. ബലാത്സംഗ കുറ്റത്തിന് പുറമെ, മഹാരാഷ്ട്രയിലെ അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.