'പാമ്പുകടിയേറ്റെന്ന് സ്ഥിരീകരിക്കാനായില്ല'; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡി.എം.ഒയ്ക്ക് റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരൻ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന് താലൂക്കാശുപത്രി സൂപ്രണ്ട്.കുട്ടിക്ക് പാമ്പ് കടിയേറ്റതായി തിരിച്ചറിയാനായില്ലെന്നാണ് വിശദീകരണം.ചികിത്സാപ്പിഴവ് ആരോപണം ശക്തമായതോടെ ഡി.എം.ഒ ആവശ്യപ്പെട്ടതനുസരിച്ച് നൽകിയ റിപ്പോർട്ടിലാണ് ഇത്തരം വിശദീകരണമുള്ളത്.
പുലർച്ചെ രണ്ടേമുക്കാലോടെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ കാലിൽ ഒരു മുള്ളുകുത്തിയതുപോലുള്ള പാടാണ് കണ്ടത്.പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളൊന്നും കുട്ടിയിൽ വ്യക്തമായില്ല.രണ്ടുതവണ രക്ത പരിശോധന നടത്തിയെങ്കിലും പത്തുമിനിട്ടിനകം ക്ലോട്ടിംഗുണ്ടായി.ഇതോടെ വിഷം ഉള്ളിൽ ചെന്നതായി സംശയിക്കത്തക്ക സാഹചര്യമുണ്ടായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.അതിനാലാണ് ആന്റിവെനം നൽകാത്തതെന്നും,എന്നാൽ പിന്നീട് കുട്ടി ഛർദ്ദിച്ചതോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും സൂപ്രണ്ട് ഡോ.ഷീജ വ്യക്തമാക്കുന്നു.ആശുപത്രിയിൽ ആന്റിവെനം 27 വയൽ സ്റ്റോക്ക് ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിനെതിരെ കുടുംബം
സംഭവത്തിൽ താലൂക്കാശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി കുടുംബം.ചികിത്സാ വീഴ്ചയുണ്ടായെന്നും,അവഗണിച്ചെന്നും കുട്ടിയുടെ അച്ഛൻ ദിലീപ് പറഞ്ഞു.തല ചുറ്റുന്നുണ്ടെന്നും എല്ലാം രണ്ടായിട്ടാണ് കാണുന്നതെന്നും കുഞ്ഞ് പറഞ്ഞതാണ്.പക്ഷെ അധികൃതർ കാര്യമാക്കിയില്ലെന്നും അച്ഛൻ ആവർത്തിച്ചു. ചിറയിൻകീഴ് ആശുപത്രിയിൽ നിന്ന് ആന്റിവെനം കൊടുത്തശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ വിടാമായിരുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പുലർച്ചെയാണ് ചിറയിൻകീഴ് സ്വദേശികളായ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ചത്.