അൾട്രാവയലറ്റ് ഇൻഡക്സ് എട്ട്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്
ആലപ്പുഴ : ഉയർന്ന താപനിലയും അന്തരീക്ഷ ഈർപ്പവും കാരണം അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജനങ്ങൾ സ്വയം ലോക്ഡൗൺ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു. ലോക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ്. ചൂടിലെ വർദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ച് മരണത്തിന് വരെ കാരണമായേക്കാം.സുരക്ഷാ നിർദേശങ്ങളെ ഗൗരവമായി കണ്ട് പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അസാധാരണ നിലയിലേക്ക് ചൂട് ഉയർന്നതോടെ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അൾട്രാവയലറ്റ് ഇൻഡക്‌സിൽ എട്ട് എത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 8 മുതൽ 10 വരെയുള്ള ഇൻഡക്സാണ് ഓറഞ്ച് അലർട്ടിന്റെ മാനദണ്ഡം. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
തീരദേശ ജില്ലയായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലാണ്. അത് കാരണം അനുഭവഭേദ്യമാകുന്ന ചൂട് അഥവ താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാൾ വളരെ ഉയർന്നതായിരിക്കും.
പ്രാണി കടിച്ചു, സൂര്യാഘാതം സംശയിച്ചു
സൂര്യാഘാതമേറ്റെന്ന് സംശയിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിയെ പ്രാണി കടിച്ചതാകാമെന്ന് ഡോക്ടർമാർ. ഇന്നലെ രാവിലെയാണ് അറവുകാട് ഐ.ടി.സിയിലെ എം.എം.വി രണ്ടാം വർഷ വിദ്യാർത്ഥി ഓമനപ്പുഴ പുത്തൻപുരയിൽ രവീന്ദ്രനാഥ്- പ്രജിത ദമ്പതികളുടെ മകൻ ശ്രീജിത്തിന്റെ (20) ഇടത് കൈയിൽ തോളിനോട് ചേർന്ന ഭാഗം ചുവന്ന് തടിച്ചത്. തീരപ്രദേശത്തെ വീട്ടിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരും വഴിയാണ് പൊള്ളലേറ്റതു പോലെ കൈയിലെ പാട് ശ്രീജിത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഐ.ടി.സി അധികൃതരാണ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനിൽ സൂര്യാതപത്തിന്റെ ലക്ഷണങ്ങളില്ലെന്നും ഏതെങ്കിലും പ്രാണിയുടെ കടിയേറ്റതാകാമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.