ഹൂഗ്ളി നദിയിലെ സൂര്യോദയം ആസ്വദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി:തിരക്കേറിയ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊൽക്കത്തയിലെ ഹൂഗ്ളി നദിയിൽ സൂര്യോദയം ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.തോണിയിൽ നദിയിൽ കറങ്ങിയ മോദി കാമറയിൽ ഹൗറ പാലം,വിദ്യാസാഗർ സേതു എന്നിവയുടെ ഫോട്ടോയും പകർത്തി.തുഴക്കാരൻ ഗൗംഗ ബിശ്വാസിന്റെ വിശേഷങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.
പ്രധാനമന്ത്രി തോണി സവാരി നടത്തുന്നതറിഞ്ഞ് കരയിൽ തടിച്ചുകൂടിയവർ 'മോദി മോദി' എന്ന് ആരവം മുഴക്കി.''ഓരോ ബംഗാളിക്കും ഗംഗ(ബംഗാളിൽ ഹൂഗ്ളി) പ്രത്യേകതയുള്ളതാണ്.കൊൽക്കത്തയിൽ രാവിലെ,ഞാൻ ഹൂഗ്ലി നദിയുടെ തീരത്ത് കുറച്ച് സമയം ചെലവഴിച്ചു.ഗംഗ മാതാവിനോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു-," മോദി പറഞ്ഞു.
മുഹമ്മദ് ഇഫ്തിക്കർ അഹമ്മദിന്റെ തോണിയാണ് സവാരി നടത്താൻ വാടകയ്‌ക്കെടുത്തത്.യാത്രയ്‌ക്ക് തൊട്ടു മുൻപ് ഒരാൾ വന്ന് തോണി വാടകയ്‌ക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പ്രധാനമന്ത്രിയുടെ പരിപാടിയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു.വ്യാഴാഴ‌്ചത്തെ പ്രചാരണ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി രാത്രി കൊൽക്കത്ത ലോക്‌ഭവനിലാണ് തങ്ങിയത്.ഇന്നലെ നഗരത്തിൽ രണ്ട് റാലികളുണ്ടായിരുന്നു.