വീട്ടമ്മയെയും മകനെയും വീടുകയറി ആക്രമിച്ച അയൽവാസി അറസ്റ്റിൽ
വർക്കല: വീട്ടമ്മയേയും മകനെയും വീട്ടിൽക്കയറി ആക്രമിച്ച് പരിക്കേല്പിച്ച അയൽവാസിയെ വർക്കല പൊലീസ് പിടികൂടി. കരുനിലക്കോട് സ്വദേശി അച്ചു(30)ആണ് പിടിയിലായത്. അച്ചുവിന്റെ വീടിന് സമീപത്തായി നിർമ്മിക്കുന്ന വീടിന്റെ ഉടമസ്ഥയായ സരിത(36)യെയും 13വയസുള്ള മകനെയുമാണ് പ്രതി ആക്രമിച്ചതെന്നാണ് പരാതി. ഇക്കഴിഞ്ഞ 23ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. വീട് നിർമ്മാണത്തിന്റെ ആവശ്യത്തിനായി സരിത അച്ചുവിന്റെ വീട്ടിൽനിന്ന് കുടുംബത്തിന്റെ അനുവാദത്തോടെ വൈദ്യുതി എടുത്തിരുന്നത്. എന്നാൽ അച്ചുവിന്റെ അനുമതി ഇല്ലാതെയാണ് വൈദ്യുതി ഉപയോഗിക്കുന്നതെന്നാരോപിച്ചാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങൾ സരിത മൊബൈലിൽ പകർത്തിയിരുന്നു. ഇതോടെ വീട്ടിന് പുറത്തിറങ്ങി നിലത്തുകിടന്ന താബൂക്ക്കഷ്ണമെടുത്ത് അച്ചു സരിതയെ എറിഞ്ഞതിനെ തുടർന്ന് മുഖത്ത് ആഴത്തിൽ പരിക്കേറ്റിരുന്നു. കൂടാതെ ജനൽകമ്പി കൊണ്ട് മർദ്ദിച്ചതായും തോളിനും കൈക്കും പരിക്കേറ്റതായും സരിത പൊലീസിൽ മൊഴി നൽകി. ബഹളം കേട്ടെത്തിയ നാട്ടുകാർ അച്ചുവിനെ പിടികൂടി വർക്കല പൊലീസിൽ ഏല്പിച്ചു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് അച്ചുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോ:അച്ചു