ക്യാൻസർ ബാധിച്ചു, ഭേദമായി: നെതന്യാഹു
Saturday 25 April 2026 7:50 AM IST
ടെൽ അവീവ്: തനിക്ക് ക്യാൻസർ ബാധിച്ചിരുന്നെന്നും ചികിത്സിച്ച് ഭേദമായെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. പ്രോസ്‌റ്റേറ്റ് ക്യാൻസറിന്റെ പ്രാരംഭഘട്ടമാണ് കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെ ഒരു സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള മാരക ട്യൂമർ കണ്ടെത്തി. തുടർന്ന് നെതന്യാഹുവിനെ ജെറുസലേമിലെ ഹദസ്സ മെഡിക്കൽ സെന്ററിൽ റേഡിയേഷൻ തെറാപ്പിയ്ക്ക് വിധേയമാക്കി. ചികിത്സ പൂർണമായും വിജയിച്ചെന്നും ട്യൂമർ അപ്രത്യക്ഷമായെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്നലെയാണ് നെതന്യാഹു വിവരങ്ങൾ പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചതും ചികിത്സ പൂർത്തിയാക്കിയതും എന്നാണെന്ന് വ്യക്തമാക്കിയില്ല. 2024 ഡിസംബറിൽ നെതന്യാഹുവിനെ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ക്യാൻസർ കണ്ടെത്തിയതെന്ന് കരുതുന്നു.