ഭയാനകം ചെർണോബിൽ  ചെർണോബിൽ ദുരന്തത്തിന് നാളെ 40 വയസ്

Saturday 25 April 2026 7:50 AM IST

കീവ്: ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആണവ വികിരണ അപകടമായ യുക്രെയിനിലെ ചെർണോബിൽ ദുരന്തത്തിന് നാളെ 40 വയസ്. 1986 ഏപ്രിൽ 26നാണ് യുക്രെയിനിലെ ചെർണോബിൽ ആണവോർജ്ജ പ്ലാന്റിൽ ഭീകരമായ പൊട്ടിത്തെറിയുണ്ടായത്. യുക്രെയിൻ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ആണവ റിയാക്ടറിന്റെ നാലാമത്തെ യൂണിറ്റിൽ പുലർച്ചെ ഒരു മണിക്ക് ശേഷമായിരുന്നു അപകടം.

പരീക്ഷണങ്ങൾ നടക്കുന്നതിനിടെ വൈദ്യുതി നിയന്ത്രണ സംവിധാനം ഓഫാക്കിയതും അടിയന്തര സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പിഴവുമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്.

റിയാക്ടറിൽ അവശേഷിച്ച പവറാണ് പൊട്ടിത്തെറിയ്ക്ക് കാരണമായത്. റിയാക്ടറിലെ ഭീമൻ മെറ്റീരിയൽ ലിഡ് ആണ് ആദ്യം കത്തിയത്. പിന്നാലെ ഗ്രാഫൈറ്റ് റിയാക്ടറിലേക്ക് തീപടരുകയും ആണവ വികിരണമുണ്ടാവുകയും ചെയ്തു.

അപകടത്തിന് പിന്നാലെ നീരാവി വിസ്ഫോടനവും തീപിടിത്തവും മൂലം രണ്ട് ജീവനക്കാർ തത്ക്ഷണം മരിച്ചു. 28 ഓളം ജീവനക്കാർക്ക് അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം ബാധിക്കുകയും ആഴ്ചകൾക്കുള്ളിൽ ജീവൻ നഷ്ടമാവുകയും ചെയ്തു. ആണവ വികിരണങ്ങൾ പ്രിപ്യാറ്റ് ഉൾപ്പെടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പതിനായിരങ്ങളെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്നതോടെ ടൺ കണക്കിന് റേഡിയോ ആക്ടിവ് പദാർത്ഥങ്ങൾ പുറത്തേക്ക് വന്നു.

ഇത് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെട്ടപ്പോൾ ഉണ്ടായതിനേക്കാൾ ഏകദേശം 400 മടങ്ങാണ്. കുറഞ്ഞത് 4,000 പേരെങ്കിലും ദുരന്തത്തിന് ശേഷം വികിരണം മൂലമുണ്ടായ കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ച് മരിച്ചെന്നാണ് കണക്കുകൾ. എന്നാൽ, ഇത് ഇന്നും ഒരു തർക്ക വിഷയമാണ്. 60,000 പേർ വരെ ദുരന്തത്തിന്റെ ഫലമായി മരിച്ചിട്ടുണ്ടാകാമെന്നും വാദമുണ്ട്.

യുക്രെയിന്റെ തലസ്ഥാനമായ കീവിൽ നിന്ന് 80 മൈൽ അകലെ വടക്ക് ബെലറൂസ് അതിർത്തിയോട് ചേർന്ന ചെർണോബിൽ പവർപ്ലാന്റിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ല. റേഡിയേഷൻ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ആണവനിലയം അടച്ചിട്ടിരിക്കുകയാണ്. ആണവ മാലിന്യങ്ങളും മറ്റ് അപകടകരമായ വസ്തുക്കളും നിലയത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും റിയാക്ടറിന്റെ രൂപകല്പനയിലുണ്ടായ പിഴവുമാണ് ദുരന്തത്തിൽ കലാശിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.