ലഹരിയിൽ പരിചയമില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം; പത്ത് വയസുകാരന് ദാരുണാന്ത്യം

Saturday 25 April 2026 10:09 AM IST

സേലം: വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ്‌ പത്തുവയസുകാരനെ കുത്തിക്കൊന്നു. തടയാൻ ശ്രമിച്ച അമ്മയ്‌ക്കും കുത്തേറ്റു. ഇന്നലെ വൈകിട്ട് സേലത്താണ് സംഭവം നടന്നത്. ആക്രമണം നടത്തിയ യുവാവ് ലഹരിക്കടിമയാകാമെന്നാണ് നിഗമനം. കാരണം കൂടാതെയാണ് ആക്രമണം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അമ്മയും രണ്ടുമക്കളും ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് യുവാവ് അതിക്രമിച്ചുകയറിയത്. ശരീരമാസകലം കുത്തേറ്റ യൂഷ്‌കന്ദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ സത്യ (45) സേലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. താരമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സേലം മേഖലയിൽ ലഹരിക്കടിമകളായ യുവാക്കളുടെ അതിക്രമങ്ങൾ വ്യാപകമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം മേട്ടൂരിൽ ലഹരി ഉപയോഗിച്ചെത്തിയ നാലുയുവാക്കൾ ചായക്കടയിൽ വാക്കേറ്റമുണ്ടാക്കുകയും ചായക്കടയിലെ ജീവനക്കാരനെ ചില്ലുഗ്ലാസുകൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. പുകവലിക്കുകയായിരുന്ന യുവാക്കൾ തൊഴിലാളിയുടെ മുഖത്തേക്ക് പുക ഊതുകയായിരുന്നു. ഇതു ചോദ്യം ചെയ്‌തതിന്റെ പ്രകോപനത്തിൽ ചായ കുടിച്ച ശേഷം ഗ്ലാസ് പൊട്ടിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു.

ലഹരി ഉപയോഗിച്ചുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കളക്‌ടർക്കും നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.