ഒരു വീട്ടിൽ ഒരു സ്ഥാനാർത്ഥി; 'അപ്പയുടെ ആഗ്രഹം ചാണ്ടി പറഞ്ഞു, അദ്ദേഹത്തിന്റെ കാലത്ത് അതാണ് പ്രാവർത്തികമാക്കിയത്'
തിരുവനന്തപുരം: ഒരു വീട്ടിൽ നിന്ന് ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്ന ചാണ്ടി ഉമ്മന്റെ അഭിപ്രായം അപ്പയുടെ ആഗ്രഹമായിരുന്നെന്ന് ഉമ്മൻചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ. ഒരു വീട്ടിൽ നിന്ന് ഒരാൾ മതിയെന്ന അഭിപ്രായമാണ് പിതാവിനുണ്ടായിരുന്നത്. അപ്പയുടെ കാലത്ത് അതാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്. അപ്പ ഒരിക്കലും ചാണ്ടി ഉമ്മനെ പ്രമോട്ട് ചെയ്തിട്ടില്ല. മക്കളെ ആരെയെങ്കിലും രാഷ്ട്രീയത്തിൽ കൊണ്ടുവരാൻ അദ്ദേഹം പ്രമോഷൻ നടത്തിയതായി ആരും പറയില്ലെന്നും മറിയ ഉമ്മൻ പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അവർ.
'അപ്പയുടെ അഭിപ്രായം ചാണ്ടി പറഞ്ഞിരുന്നു. കുടുംബത്തിലെ രണ്ടാമതൊരു വ്യക്തിയെ പാർട്ടി സ്ഥാനാർത്ഥിയായി വിളിക്കുകയാണെങ്കിൽ, ഉമ്മൻചാണ്ടിക്കുള്ള അംഗീകാരമായി കണക്കാക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. പക്ഷേ, അങ്ങനെ ചിന്തിക്കേണ്ട അവസ്ഥയിലേക്ക് വന്നിരുന്നില്ല. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. ആരെ എവിടെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണ്. എന്നെ പരിഗണിച്ചെന്ന് കേൾക്കുമ്പോൾ തന്നെ അതൊരു അംഗീകാരമായി കണക്കാക്കുന്നു'- മറിയ ഉമ്മൻ പറഞ്ഞു.