28കാരന്റെ വധു 16കാരി; ശൈശവ വിവാഹത്തിൽ പെൺകുട്ടിയുടെ പിതാവും വരനുമുൾപ്പെടെ നാലുപേർക്കെതിരെ കേസ്

Saturday 25 April 2026 2:49 PM IST

കാസർകോട്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്. 28കാരനും 16കാരിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. സംഭവത്തിൽ വരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്‌ഖ്, പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കൽ ജുമാ മസ്‌ജിദ് സെക്രട്ടറിയുമായ പി കെ താജുദ്ദീൻ, ജുമാ മസ്‌ജിദിലെ ഉസ്‌താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.

പടന്ന പഞ്ചായത്ത് സ്വദേശിയും പ്രവാസിയുമാണ് വരൻ. ഏപ്രിൽ 13ന് ഉസ്‌താദിന്റെ കാർമികത്വത്തിലാണ് വിവാഹച്ചടങ്ങ് നടന്നത്. ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി ഒത്താശ ചെയ്തുകൊടുത്തുവെന്ന് നാട്ടുകാർ കാസർകോട് ചൈൽഡ് ലൈനിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ ശിശുക്ഷേമ വികസന വകുപ്പിന്റെ കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു.

പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പ്രദേശത്തെ മഹല്ല് കമ്മിറ്റി വിവാഹം നടത്താൻ അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് വരന്റെ നാട്ടിൽ വിവാഹം നടത്തിയത്.