വോട്ടെണ്ണലിന് ഇനി എട്ടുദിവസം .... കാത്തിരിപ്പിലാണ് സ്ഥാനാർത്ഥികൾ
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഒരാഴ്ച ശേഷിക്കെ സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പും ഉയരുകയാണ്.
പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാണെന്ന കണക്കുകൂട്ടലിലാണ് പ്രമുഖ മുന്നണികൾ. 2021ലെ തിരഞ്ഞെടുപ്പിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണം എൽ.ഡി.എഫും, നാലെണ്ണം യു.ഡി.എഫും നേടിയിരുന്നു. ഇത്തവണ ഭരണ വിരുദ്ധ കാറ്റ് ആഞ്ഞടിച്ചാൽ ഒമ്പതു സീറ്റും നേടുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. സിറ്റിംഗ് സീറ്റുകൾ നിലനിറുത്തന്നതിനൊപ്പം ജോസ് കെ.മാണിയിലൂടെ പാലാ പിടിച്ചെടുക്കുമെന്നും ഇടതുമുന്നണി അവകാശപ്പെടുന്നു. പാലാ, പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ അട്ടിമറി പ്രതീക്ഷയിലാണ് എൻ.ഡി.എ .
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തു നിന്നുള്ള മന്ത്രിമാരെന്ന ചർച്ചയും തകൃതിയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിക്കുന്നു.
യു.ഡി.എഫ് മന:പ്പായസം ഉണ്ണുന്നു
''വോട്ടെണ്ണും മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തിന് കടിപിടികൂട്ടുന്ന യു.ഡി.എഫ് മന:പ്പായസം ഉണ്ണുകയാണ്. ഇടതുമുന്നണിയ്ക്ക് ഭരണതുടർച്ച ഉണ്ടാകും. അഞ്ചുസീറ്റെന്നത് കോട്ടയത്ത് വർദ്ധിപ്പിക്കും. ഏറ്റുമാനൂരിൽ ഒരു അട്ടിമറിയും സംഭവിക്കില്ല.
-മന്ത്രി വി.എൻ.വാസവൻ
ഭൂരിപക്ഷം സീറ്റുകളും നേടും
''ഫലമറിയാൻ ഇത്രയും കാലത്താമസം ഒരു തിരഞ്ഞെടുപ്പിലും ഉണ്ടായിട്ടില്ല. പല സീറ്റിലും അട്ടിമറിയോടെ ഭൂരിപക്ഷം സീറ്റുകളും നേടി യു.ഡി.എഫ് കോട്ടയെന്ന പാരമ്പര്യം കോട്ടയം നിലനിറുത്തും.
-തിരുവഞ്ചൂർ രാധാകൃഷ്ണൻ