അടിക്കല്ലിളക്കി പ്രതിസന്ധി, കിതച്ച് നിർമ്മാണ മേഖല
കോട്ടയം : ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന, ലഭ്യത കുറവ്, തൊഴിലാളി ക്ഷാമം, കാലാവസ്ഥാവ്യതിയാനം എന്നിവ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. സ്വപ്നസാക്ഷാത്കാരമായ ഭവന നിർമ്മാണത്തിലേക്ക് ചുവട് വയ്ക്കുന്നവരെയാണ് ഇത് വെട്ടിലാക്കുന്നത്. പ്ലാനും പദ്ധതിയും തയ്യാാറാക്കി വായ്പയും വാങ്ങി നിർമ്മാണം പുരോഗമിക്കുമ്പോഴാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് സാധന വില കുതിച്ചുയരുന്നത്. സിമന്റ്, സ്റ്റീൽ, ടൈൽ കമ്പനികൾ കൃത്രിമമായി വില വർദ്ധിപ്പിക്കുകയാണെന്നാണ് ആക്ഷേപം. പ്രാദേശികമായി ലഭിച്ചിരുന്ന ചെങ്കല്ലിന് 5 - 10 രൂപ വരെ വർദ്ധിപ്പിച്ചു. പി.വി.സി ഉത്പന്നങ്ങളുടെ വിപണി കുത്തക നിയന്ത്രണത്തിലായതോടെ പ്ലംബിംഗ് സാമഗ്രികളുടെ വിലയും കുതിക്കുകയാണ്. വയർ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ സാമഗ്രികൾക്ക് 10 - 40% വരെയാണ് വർദ്ധനവ്. സാധാരണ വീട് നിർമ്മിക്കുന്നതിന് സ്‌ക്വയർഫീറ്റിന് 2400 മുതൽ 3000 രൂപ വരെയാണ് ചെലവ്. ഇത് സാധാരണക്കാർക്ക് താങ്ങാനാകില്ല.
തൊഴിലാളിക്ഷാമം രൂക്ഷം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് തൊഴിലാളിക്ഷാമവും രൂക്ഷമാക്കി. ഇതോടെ നിരവധി നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചു. നിർമ്മാണ പ്രവർത്തനം കുറഞ്ഞതോടെ നാട്ടിലെ തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. ഉള്ളവർക്കാകട്ടെ കൂടുതൽ കൂലിയും കൊടുക്കണം. 1200 രൂപയാണ് മേസ്തിരിയുടെ വേതനം. ഹെൽപ്പറിന് 900. ജില്ലയിലെ 40 ശതമാനം കോൺട്രാക്ടർമാർക്കാണ് വർക്ക് ഇല്ലാതായത്. കരാർ എടുത്തവർ പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.
ലെൻസ് ഫെഡ് ആവശ്യങ്ങൾ വില നിയന്ത്രണത്തിനായി പ്രത്യേക സംവിധാനം ഉത്പാദന യൂണിറ്റുകൾ പുന:രാരംഭിക്കണം. തൊഴിലാളികളുടെ തിരിച്ചുവരവ് ഉറപ്പാക്കണം ചെറുകിട നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം സർക്കാർ പദ്ധതികൾക്ക് വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക. പുഴ മണൽ ഖനനം പുന:രാരംഭിക്കണം
''കൃത്രിമമായും അനിയന്ത്രിതമായും വില വർദ്ധിപ്പിക്കുന്നതിനെതിരെ സർക്കാർ ഇടപെടൽ നടത്തണം. മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം.
-(ലെൻസ്‌ഫെഡ് സംസ്ഥാന സമിതി)
സ്റ്റീലിന്റെ വില കിലോഗ്രാമിന് 10 - 15 രൂപ വരെ ഉയർന്നു സിമന്റ് 50 കിലോ ബാഗിന് 15 - 30 രൂപ വരെ വർദ്ധനവ്