'അപകടത്തിൽപ്പെട്ടാൽ ആര് നൽകും ഇൻഷുറൻസ് പരിരക്ഷ'; ഊബർ, റാപ്പിഡോ ബൈക്ക് ടാക്സികൾക്ക് പൂട്ട് വീഴുന്നു?
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഊബർ, റാപ്പിഡോ ബൈക്കുകൾ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഗതാഗതക്കുരുക്ക് ഇല്ലാതെ പെട്ടെന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാം എന്നതാണ് ആളുകൾ ഊബർ ബൈക്കുകളെ യാത്രയ്ക്കായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രധാനകാരണം. മാത്രമല്ല, കുറഞ്ഞ ചെലവിൽ വേഗത്തിൽ എത്താനും സാധിക്കും. എന്നാൽ റാപ്പിഡോ, ഊബർ ബൈക്കുകളുടെ സർവീസുകൾക്ക് പൂട്ടിട്ടിരിക്കുകയാണ് തലസ്ഥാനത്തെ മോട്ടോർവാഹന വകുപ്പ്. നിയമലംഘനം, യാത്രക്കാരുടെ സുരക്ഷ എന്നിവ മുൻനിർത്തിയാണ് മോട്ടോർവാഹന വകുപ്പ് ബൈക്ക് ടാക്സികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.
ടാക്സി പെർമിറ്റില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് റാപ്പിഡോ, ഊബർ സർവീസ് നടത്തുന്നത് തടയാനാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഓട്ടോ-ടാക്സി തൊഴിലാളികളുടെ പരാതിയെത്തുടർന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കിഴക്കേക്കോട്ടയിൽ പ്രത്യേക പരിശോധന നടത്തിയത്. സ്വകാര്യ വാഹനങ്ങളിൽ പണം നൽകി യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് വരെ തടസമുണ്ടാകും.
സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട വാഹനങ്ങൾ പബ്ലിക് ട്രാൻസ്‌പോർട്ടിനായി ഉപയോഗിക്കുന്നത് മോട്ടോർ വാഹന നിയമങ്ങളുടെ ലംഘനമാണ്. കെമേഴ്സ്യൽ ആവശ്യങ്ങൾക്ക് പെർമിറ്റുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ആപ്പ് വഴി വാഹനം ബുക്ക് ചെയ്യുമ്പോൾ അത് ടാക്സി പെർമിറ്റുള്ള വാഹനമാണോ എന്ന് യാത്രക്കാർ ഉറപ്പുവരുത്തണം. വെള്ള ബോർഡുള്ള സ്വകാര്യ വാഹനങ്ങളിൽ പണം നൽകിയുള്ള യാത്ര ഒഴിവാക്കണമെന്ന് എംവിഡി ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നു. പരിശോധനയിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് മോട്ടോർവാഹന വകുപ്പ് നൽകുന്നത്.
ബൈക്ക് ടാക്സികൾ നിയമവിരുദ്ധം ബൈക്ക് ടാക്സി സർവീസ് നിയമവിരുദ്ധമാണ് ഓൺലൈൻ ടാക്സി ജീവനക്കാരനായ സജിത്ത് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. ടാക്സി വാഹനങ്ങൾക്ക് യെല്ലോ ബോർഡ് നിർബന്ധമാണ്. വെള്ള നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ സ്വകാര്യ വാഹനങ്ങളാണ്. ആ വാഹനത്തിൽ എങ്ങനെ ടാക്സി സർവീസ് നടത്താൻ സാധിക്കും? സർവീസ് നടത്തുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ആരാണ് ഇൻഷൂറൻസ് പരിരക്ഷ നൽകുകയെന്നും അദ്ദേഹം ചോദിക്കുന്നു.
ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം ബൈക്ക് ടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചതോടെ ഏറെ ആശ്വാസമായിരിക്കുന്നത് ഓട്ടോ തൊഴിലാളികൾക്കാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ ഓട്ടോയ്ക്ക് പകരം ബൈക്ക് ടാക്സികളെ ആശ്രയിക്കാൻ തുടങ്ങി. വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരുമാണ് ബൈക്ക് ടാക്സികൾ കൂടുതൽ ആശ്രയിച്ചിരുന്നത്. തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ലോക്കൽ ട്രിപ്പുകൾ ബൈക്ക് ടാക്സികൾക്ക് ലഭിക്കുന്ന സാഹചര്യം വന്നതോടെ അവർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.