സെൻസസ് 2027: ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Sunday 26 April 2026 12:30 AM IST

കോട്ടയം : സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താനുള്ള (സെൽഫ് എന്യുമറേഷൻ) സൗകര്യം ജൂൺ 16 മുതൽ ലഭ്യമാകും. ജൂൺ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുൻപ് വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ.

https://se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വേരിഫക്കേഷൻ പൂർത്തിയാക്കുക. ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാർക്കർ' ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക.

വിവരങ്ങൾ വിജയകരമായി നൽകി കഴിഞ്ഞാൽ 'എച്ച് ' എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐ.ഡി കൈമാറിയാൽ മതിയാകും. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.