നെയ്യാറ്റിൻകര ആശുപത്രിയിൽ ക്യൂവിൽ നിൽക്കേണ്ട, ഇനി ക്യൂവായി ഇരുന്നാൽ മതി

Sunday 26 April 2026 1:58 AM IST

നെയ്യാറ്റിൻകര: കേരളകൗമുദി വാർത്ത ഫലം കണ്ടു, നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് ഒ.പി ടിക്കറ്റിനായി ഇനി നീണ്ട ക്യൂവിൽ മണിക്കൂറുകളോളം നിൽക്കേണ്ട. പകരം ഡിജിറ്റൽ ടോക്കണെടുത്ത ശേഷം വിശ്രമിച്ചാൽ മതി. ഡിസ്‌പ്ളേയിൽ ടോക്കൺ നമ്പർ വരുന്ന മുറയ്ക്ക് കൗണ്ടറിലെത്തി ഒ.പി ടിക്കറ്റെടുക്കാം. കഴിഞ്ഞ അരനൂറ്റാണ്ടായി നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ തുടർന്നു വന്നിരുന്ന അശാസ്ത്രീയമായ ക്യൂവിലെ നിൽപ്പാണ് ഇതോടെ അവസാനിച്ചത്.

'നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ക്യൂനിന്ന് തളർന്ന് രോഗികൾ' എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ 19ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. പുലർച്ചെ അഞ്ച് മണി മുതൽ ചികിത്സക്കായി ഇവിടെയെത്തി നീണ്ട ക്യൂവിൽ നിൽക്കുന്ന രോഗികളുടെ ദയനീയത മാറ്റി, പകരം ഡിജിറ്റൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു വാർത്തയിലെ പ്രധാന ആവശ്യം. തുടർന്ന് ആശുപത്രി അധികൃതർ ഒ.പി.ടിക്കറ്റ് എടുക്കുവാൻ വരുന്ന രോഗികൾക്കായി ഡിജിറ്റൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുകയായിരുന്നു.

ഡിജിറ്റൽ ടോക്കൺ സമ്പ്രദായം നടപ്പിലാക്കി

വ്യാഴാഴ്ചയാണ് ഡിജിറ്റൽ ടോക്കൺ സമ്പ്രദായവും ഡി‌സ്‌പ്ളേ യൂണിറ്റും ആശുപത്രിക്ക് മുന്നിലായി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ക്യൂവിൽ നിന്ന രോഗി കുഴഞ്ഞു വീഴുകയും മറ്റൊരു രോഗി ക്യൂവിന് സമീപത്തുള്ള തുറന്നുകിടന്ന മാൻഹോളിൽ വീഴുവാനും പോയി. തുടർന്ന് കെ.ആൻസലൻ എം.എൽ.എ ഇടപെട്ട് അടിയന്തരമായി ക്യൂ നിൽക്കുന്ന രീതി മാറ്റി ഒ.പി ടിക്കറ്റിനായി ഡിജിറ്റൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുകയായിരുന്നു.