ഓവർടേക്കിംഗ് ‘ഓവറാ’യി; നടുറോഡിൽ കൈയ്യാങ്കളി
കൊച്ചി: വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള കൈയ്യാങ്കളി പതിവാകുന്നു. ചേരാനല്ലൂരിൽ സ്വകാര്യബസിന്റെ ചില്ലുകൾ കാർഡ്രൈവർ അടിച്ചു തകർത്തു. മറ്റൊരു സംഭവത്തിൽ കണ്ടെയ്നർ റോഡ് മഞ്ഞുമ്മൽ ബിവറേജസിന് സമീപം സ്കൂട്ടർ യാത്രക്കാരായ യുവാക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടിലും ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയുള്ള തട്ടലും മുട്ടലുമാണ് പ്രകോപന കാരണമെന്ന് പൊലീസ് പറയുന്നു. പൊതുവഴിയിൽ വാഹനങ്ങൾ നിറുത്തിയിട്ടായിരുന്നു ഏറ്റുമുട്ടൽ.
സ്വകാര്യബസിന്റെ ചില്ല് തകർത്തു
ചേരാനല്ലൂർ മഞ്ഞുമ്മൽക്കവലയിൽ പട്ടാപ്പകലാണ് സ്വകാര്യബസിന്റെ മുന്നിലെ ചില്ലുകൾ കാർ യാത്രക്കാരൻ തകർത്തത്. ഇടപ്പള്ളി ഭാഗത്ത് നിന്ന് വരാപ്പുഴയിലേക്ക് പോയ നമിത എന്ന സ്വകാര്യബസിന് നേരെയായിരുന്നു ആക്രമണം. മുന്നിൽ പോയ കാറിനെ മഞ്ഞുമ്മൽക്കവല ജുമാമസ്ജിദിന് സമീപം ബസ് മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ കാറിന്റെ പിൻഭാഗത്ത് ബസ് തട്ടി. ഇടിയുടെ ആഘാതത്തിൽ കാറിനകത്തുണ്ടായിരുന്ന 3 വയസുള്ള കുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് തെറിച്ച് കാറിനകത്ത് തല തട്ടി വീണതോടെ രംഗം മാറി.
കാറോടിച്ചിരുന്ന യാത്രക്കാരൻ ബസിന് കുറുകെ വാഹനം നിർത്തിയിട്ട് പുറത്തിറങ്ങി. തുടർന്ന് ബസ് ഡ്രൈവറുമായി പൊരിഞ്ഞ വാക്കേറ്റം. വാക്കേറ്റം മൂത്തതോടെ കാറിൽ നിന്ന് വീൽസ്പാനർ എടുത്ത കാർ യാത്രക്കാരൻ ബസിന്റെ മുൻചില്ലുകൾ അടിച്ചു തകർത്തു. സ്വകാര്യ ബസിന്റെ യാത്ര ഇതോടെ അവസാനിച്ചു. യാത്രക്കാർ പുറത്തിറങ്ങി. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കാർ വിട്ടുപോയിരുന്നു. സ്വകാര്യബസ് ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. വരാപ്പുഴ സ്വദേശി ഹരികൃഷ്ണനാണ് കാർ ഓടിച്ചതെന്നും വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചേരാനല്ലൂർ പൊലീസ് പറഞ്ഞു.
കാർ ഡ്രൈവർക്ക് മർദ്ദനം
വല്ലാർപാടം കണ്ടെയ്നർ റോഡിൽ രാത്രി 8.30നായിരുന്നു സ്കൂട്ടർ യാത്രക്കാരും കാർ ഡ്രൈവറും തമ്മിൽ സംഘർഷം. കാർ ഓടിച്ച ചേന്ദമംഗലം കുറുമ്പത്തുരത്ത് സ്വദേശി അഭിലാഷിനാണ് (26) മർദ്ദനമേറ്റത്. എറണാകുളം ഭാഗത്തേക്ക് പോയ കാർ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ തൊട്ടുതൊട്ടില്ലെന്ന നിലയിൽ കടന്നുപോയതാണ് പ്രശ്നമായത്. ഏലൂർ പുതിയ ആനവാതിൽ മുതൽ മഞ്ഞുമ്മൽ ബിവറേജസ് വരെയാണ് കാറിനെ സ്കൂട്ടർ യാത്രക്കാർ പിന്തുടർന്നത്. ഈ ഭാഗത്ത് കാർ നിറുത്തിയിട്ടപ്പോൾ സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ കാറിന്റെ വാതിൽ തുറന്ന് അഭിലാഷിനെ തലങ്ങും വിലങ്ങും തല്ലി. മുഖത്തും തലയ്ക്കും അടിയേറ്റു.ഇയാൾ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേസെടുത്തതായി ഏലൂർ പൊലീസ് പറഞ്ഞു.