ഒരു പ്രകാശത്തിന്റെ സമാധി

Sunday 26 April 2026 1:28 AM IST

ജീവിതവും വാക്കും പ്രവൃത്തിയും ആത്യന്തിക സത്യത്തിന്റെ പ്രകാശത്തിൽ ഉറപ്പിച്ചു നിറുത്തിയ ഒരു സന്യാസിവര്യൻ ആയിരുന്നു മുനി നാരായണപ്രസാദ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഒരുപാട് പേർക്ക് ദർശനമായും ദീപമായും ദിശയായും നിലകൊണ്ടിരുന്നു. സമത്വത്തിന്റെ, മാനവികതയുടെ, ലോകപൗരത്വത്തിന്റെ മഹത്തായ പാഠം ജീവിതമൊട്ടാകെ നടന്നു കാണിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം.

160ലധികം ഗ്രന്ഥങ്ങൾ രചിച്ച മഹാനായ എഴുത്തുകാരൻ ആയിരുന്ന അദ്ദേഹം, അവസാന നിമിഷം വരെയും എഴുത്തിനെയും ചിന്തയെയും കൈവിടാതെ തുടരുകയായിരുന്നു. ഗുരുദേവന്റെ സമസ്ത കൃതികൾക്കും വ്യാഖ്യാനം രചിച്ച ശിഷ്യസന്യാസിയായും, ദശോപനിഷത്തുകൾക്കും ഭഗവദ്ഗീതയ്ക്കും നൽകിയ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ ലാളിത്യവും ഗാംഭീര്യവും ഒരുമിച്ചുചേർന്ന അപൂർവസൃഷ്ടികളായും മാറി. പണ്ഡിതനും പാമരനും ഒരുപോലെ ഉൾക്കൊള്ളാവുന്ന ആ ഭാഷ, അദ്ദേഹത്തിന്റെ ആന്തരിക തെളിച്ചത്തിന്റെ തെളിവായിരുന്നു.

ഗുരുവെന്ന നിലയിൽ, ശിഷ്യരുടെ വാക്കുകളിലോ പ്രവൃത്തികളിലോ ചെറിയ തെറ്റുപോലും ശ്രദ്ധയിൽപ്പെട്ടാൽ, അതിനെ ഉടൻ സ്നേഹത്തോടെ തിരുത്താൻ ശ്രമിച്ചിരുന്ന അദ്ദേഹം, അവരുടെ ജീവിതത്തിൽ ഒരു ജാഗ്രതാശക്തിയായി നിലകൊണ്ടു. ശിഷ്യർക്ക് പ്രശ്നങ്ങൾ വന്നാൽ, ഒരു പിതാവിന്റെ കരുതലോടെ അവ പരിഹരിച്ചിരുന്ന അദ്ദേഹത്തിന്റെ ഹൃദയം, ദാർശനികതയേക്കാൾ വലുതായിരുന്നു.

അദ്ദേഹത്തിന്റെ സ്നേഹം വാക്കുകളിൽ മാത്രം ആയിരുന്നില്ല. വിശന്ന് തളർന്ന് എത്തിയ ഒരാൾക്ക്, താൻ കഴിച്ചുകൊണ്ടിരുന്ന ആഹാരത്തിൽ നിന്നുതന്നെ ഒരു പിടി വാരി കൊടുത്ത അനുഭവങ്ങൾ ഇന്നും അമൃതസ്മരണകളായി നിലനിൽക്കുന്നു. അത്തരം നിമിഷങ്ങളിലാണ് ഗുരുത്വത്തിന്റെ യഥാർത്ഥ അർത്ഥം വെളിവാകുന്നത്.

ശരീരത്തിന് രോഗം ബാധിച്ചിട്ടും, മനസിനെ അത് ഒരിക്കലും കീഴടക്കിയില്ല. അവസാന ശ്വാസം വരെയും സന്തോഷവും സ്‌നേഹവും കൈവിടാതെ നിലകൊണ്ട അദ്ദേഹത്തിന്റെ ജീവിതം, ആത്മീയസാധനയുടെ പരമാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. മുനി നാരായണപ്രസാദ് ഇനി ഭൗതികമായി നമ്മോടില്ലെങ്കിലും, അദ്ദേഹത്തിന്റെ വാക്കുകളും ദർശനവും സ്‌നേഹവും ഇന്നും നമ്മുടെ ഉള്ളിൽ ജീവിക്കുന്നു. ഒരു ഗുരുവിന്റെ സാന്നിദ്ധ്യം ശരീരത്തിൽ അല്ല. അത് ബോധത്തിൽ ആണ്. ആ ബോധം, അദ്ദേഹം നമ്മിൽ തെളിച്ചിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സമാധി ഒരു അവസാനം അല്ല, ഒരു ശാശ്വതപ്രകാശത്തിന്റെ ആരംഭമാണ്.

ക്യാപ്ഷൻ: ഗുരു മുനി നാരായണപ്രസാദിനൊപ്പം ഡോ.ബി.സുഗീതയും കുടുംബവും

ഗുരു മുനി നാരായണപ്രസാദിനൊപ്പം ഡോ.ബി.സുഗീത