തന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരെന്ന് ക്രിസ്റ്റിയുടെ മൊഴി അച്ഛനെയും ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തൽ
കണ്ണൂർ :ബഹളം കേട്ട് ഓടിയെത്തിയ താൻ അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച ഗീതമ്മ ചോര വാർന്നു കിടക്കുന്നതാണെന്ന് അയൽവാസി നിപുൻ.അച്ഛനെയും കൊല്ലാൻ ആഗ്രഹിച്ചതായും തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്നും കൊലപാതകത്തിന് ശേഷം ക്രിസ്റ്റി പറഞ്ഞതായും നിപുൻ വെളിപ്പെടുത്തി.
വീടമ്മ മകന്റെ വെട്ടേറ്റ് ദാരുണമായ കൊലപാതകം പുറംലോകത്തെ അറിയിച്ചത് നിപുൻ ആയിരുന്നു.
വെള്ളിയാഴ്ച രാത്രി നടന്ന സംഭവങ്ങൾ ഒരു ദുസ്വപ്നം പോലെയാണ് ഈ യുവാവ് ഓർത്തെടുക്കുന്നത്. നിർമ്മാണ മേഖലയിൽ വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് ജോലി ചെയ്യുന്ന നിപുൻ കണ്ണൂരിൽ നിന്നും വീട്ടിലെത്തിയത്. കുളിയും ഭക്ഷണവും കഴിഞ്ഞ് കിടന്നപ്പോഴാണ് അയൽപക്കത്തെ ബഹളം നടക്കുന്നതായി ഭാര്യ അറിയിക്കുന്നത്. ചെന്നു നോക്കിയപ്പോൾ ഗീതമ്മയുടെ സഹോദരൻ ജോമോന്റെ കഴുത്തിൽ പിടിച്ച് നിൽക്കുന്ന ക്രിസ്റ്റിയെയാണ്. ഇതിനിടെ 'എന്റെ പെങ്ങളെ ഇവൻ കൊന്നെടാ' എന്ന് ഗീതമ്മയുടെ മറ്റൊരു സഹോദരനായ സജി നിലവിളിയോടെ പറഞ്ഞതും നിപുൻ ഓർത്തെടുക്കുന്നു. മുറിയിലേക്ക് ചാടികയറിയപ്പോഴേക്കും കിടക്കയിൽ രക്തം വാർന്ന് കിടക്കുകയായിരുന്നു ഗീതമ്മ. തുടർന്ന് മറ്റൊരു അയൽവാസിയായ ദിലീപിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് ഗീതമ്മ മരിച്ചതായി മനസിലായത്.
ഇരുവരും വിവരം ഉടൻ പൊലീസിനെ അറിയിച്ചു.ഈ സമയം അച്ഛനെയും കൊല്ലണമെന്നും പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു ക്രിസ്റ്റി.ഒട്ടും കുറ്റബോധമില്ലാതെയാണ് യുവാവ് നിന്നിരുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
പൊലീസ് സ്റ്റേഷനിൽ തന്നെ കൊണ്ട് വിടാൻ ക്രിസ്റ്റി നിപുന്റെ സഹായവും തേടി. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ വഴിയിലെ ഒരു കടയിൽ നിന്നും സിഗരറ്റ് വാങ്ങിക്കൊടുക്കാനും ക്രിസ്റ്റി ആവശ്യപ്പെട്ടിരുന്നു. സിഗരറ്റ് വാങ്ങി കൊടുത്ത ശേഷം സ്റ്റേഷന്റെ മുന്നിൽ യുവാവിനെ ഇറക്കി. അകത്തേക്ക് ചേട്ടൻ വരണ്ടെന്നും പറഞ്ഞ് ക്രിസ്റ്റി സ്റ്റേഷനകത്തേക്ക് നടന്നു പോവുകയായിരുന്നെന്നും നിപുൻ വെളിപ്പെടുത്തി.