മുഹമ്മയിൽ രണ്ട് വീടുകൾ പൂർണമായി കത്തിനശിച്ചു

Sunday 26 April 2026 7:42 AM IST

മുഹമ്മ: മത്സ്യത്തൊഴിലാളികളായ സഹോദരങ്ങളുടെ വീടുകൾ പൂർണമായും കത്തിനശിച്ചു. ഒമ്പതാം വാർഡ് നിവർത്തിൽ സുജിത്തിന്റെയും അനുജൻ അജിത്തിന്റെയും വീടുകളാണ് അഗ്നിക്കിരയായത്. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അമ്മ ലളിത ജോലിക്കും അജിത്തും ഭാര്യ ദുർഗ്ഗയും കുട്ടികളും പഴനി ക്ഷേത്ര ദർശനത്തിനും സുജിത്തും ഭാര്യയും കുട്ടികളും കടയിലും പോയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ആസ്ബസ്റ്റോസ് ഷീറ്റും തടി മേൽക്കൂരയും എല്ലാ മുറികളിലെയും കതകും ജനലുകളും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. വീടിനോട് ചേർന്നുള്ള വാരത്തിലാണ് സുജിത്തും കുടുബവും താമസിച്ചിരുന്നത്.

ആസ്ബസ്റ്റോസ് പൊട്ടിത്തെറിച്ചു. ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീൻ,​ ഫാൻ,അലമാരകളും നശിച്ചു. അലമാരകളിൽ ഉൾപ്പടെ സൂക്ഷിച്ചിരുന്ന എല്ലാ വസ്ത്രങ്ങളും കത്തി നശിച്ചു. നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നാണ് തീ അണച്ചു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടാതിരുന്നത് വൻ ദുരന്തം ഒഴിവായി. ചേർത്തല നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയെങ്കിലും റോഡ് സൗകര്യം ഇല്ലാത്തതിനാൽ ഒന്നും ചെയ്യാനായില്ല. ഈ മേഖലയിൽ രാവിലെ മുതൽ വൈദ്യുതി നിലച്ചിരുന്നു. തീപിടിത്തിന്റെ കാരണം അജ്ഞാതമാണ്.

മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹനും പഞ്ചായത്ത്‌ മെമ്പർമാരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.ടി റെജിയും സ്ഥലത്തെത്തി. ഇരു കുടുംബങ്ങൾക്കും താത്കാലികമായി താമസിക്കാൻ വീടുകളും ഏർപ്പാടാക്കി. കൂടാതെ വസ്ത്രങ്ങളും ഭക്ഷണവും എത്തിച്ചു നൽകി.