ആപ്പിൽ കടുത്ത അങ്കലാപ്പ്; പഞ്ചാബിൽ ഒഴുക്ക് തടയാൻ തീവ്രശ്രമം, വിമതരെ അയോഗ്യരാക്കാനുള്ള വഴികൾ ചികയുന്നു

Sunday 26 April 2026 12:28 AM IST

ന്യൂഡൽഹി: വിമത രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേക്കേറിയതോടെ ആംആദ്മി പാ‌ർട്ടി കൂടുതൽ പ്രതിസന്ധിയിലേക്കെന്ന് സൂചന. പഞ്ചാബിലെയും ഡൽഹിയിലെയും എം.എൽ.എമാരിൽ 63പേർ തനിക്കൊപ്പമുണ്ടെന്നാണ് രാഘവ് ഛദ്ദയുടെ അവകാശവാദം.

പാർട്ടി ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബിൽ അടുത്ത വർഷം ഫെബ്രുവരിയോടെ നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിനാൽ പാർട്ടി നേരിടുന്ന പ്രതിസന്ധി നിസാരമല്ല. മനീഷ് സിസോദിയ ഉൾപ്പെടെ മുതിർന്ന നേതാക്കൾ അരവിന്ദ് കേജ്‌രിവാളിനെ വസതിയിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എം.എൽ.എമാരെ കൂടെ നിറുത്താനുള്ള തീവ്രശ്രമത്തിലാണ്. അവരുമായി കൂടിക്കാഴ്ചകൾ നടത്തി വിമതശല്യമില്ലെന്ന് ഉറപ്പാക്കുകയാണ് അദ്ദേഹം . കേജ്‌രിവാളും എം.എൽ.എമാരെ കണ്ടേക്കും.

രാഷ്ട്രപതിയെ കാണാൻ നീക്കം

വിമതരുടെ രാജ്യസഭാ അംഗത്വം റദ്ദാക്കണമെന്ന് രാഷ്ട്രപതിയെ നേരിൽക്കണ്ട് ആവശ്യപ്പെടാനാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ശ്രമം. പുറത്തുപോയ ഏഴുപേരിൽ സ്വാതി മലിവാൾ ഒഴികെ ആറുപേരെ പഞ്ചാബിൽ നിന്നാണ് രാജ്യസഭയിലേക്ക് അയച്ചത്. അവരെ വിജയിപ്പിച്ച എം.എൽ.എമാർക്കൊപ്പം രാഷ്ട്രപതിയെ കാണാനാണ് അനുവാദം ചോദിച്ചിരിക്കുന്നത്.

#കൂറുമാറ്റം ബാധകമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയിലെ ആംആദ്മി പാ‌ർട്ടി ചീഫ് വിപ്പ് എൻ.ഡി.ഗുപ്‌ത രാജ്യസഭാ ചെയർമാന് കത്ത് നൽകിയേക്കും. മൂന്നിൽ രണ്ട് എം.പിമാർ ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് പോയാൽ കൂറുമാറ്റം ബാധകമാകില്ലെന്നാണ് വിമതരുടെ നിലപാട്.

മലിവാളും സ്ഥിരീകരിച്ചു

രാഘവ് ഛദ്ദ,അശോക് മിത്തൽ,സന്ദീപ് പഥക് എന്നിവർ വെള്ളിയാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി അംഗത്വമെടുത്തതായി സ്വാതി മലിവാൾ ഇന്നലെ സ്ഥിരീകരിച്ചു. ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്,​രജീന്ദ‌ർ ഗുപ്‌ത,​വിക്രംജിത് സിംഗ് സാഹ്നെ എന്നിവർ മനസു തുറന്നിട്ടില്ല.

10 ലക്ഷം ഫോളോവേഴ്സ്

ഇറങ്ങിപോയി

#പാർട്ടി വിട്ട് 24 മണിക്കൂറിനകം രാഘവ് ഛദ്ദയുടെ ഇൻസ്റ്റാഗ്രാം പേജിനെ ഉപേക്ഷിച്ച് 10 ലക്ഷം ഫോളോവേഴ്സ്. ജെൻസികൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകുകയാണ്.

# ഭാര്യയുടെ പേരിലുള്ള 74.5 കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണ് ബി.ജെ.പിയിൽ ചേക്കേറിയതെന്ന് ആക്ഷേപമുണ്ട്.

എൻ.ഡി.എയ്ക്ക് ഇനി

15 എം.പിമാർ വേണം

രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമാകാൻ ഇനി എൻ.ഡി.എയ്‌ക്കു വേണ്ടത് 15 എം.പിമാർ. ആകെയുള്ള 245 എം.പിമാരിൽ മൂന്നിൽ രണ്ടാകാൻ 163 അംഗങ്ങൾ ആവശ്യമാണ്. 7 വിമതർ കൂടി എത്തുന്നതോടെ,എൻ.ഡി.എയുടെ സീറ്റുനില 148 ആയി ഉയരും.