74.5 കോടിയുടെ സ്വത്ത് സംരക്ഷിക്കാനോ? രാഘവ് ഛദ്ദ ബി.ജെ.പിയിൽ ചേർന്നതിൽ ദുരൂഹത

Sunday 26 April 2026 12:29 AM IST

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ നേതൃനിരയിൽ ശ്രദ്ധേയനായിരുന്ന രാഘവ് ഛദ്ദ ബി.ജെ.പിയിൽ ചേർന്നത് ഭാര്യയുടെ 74.5 കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണെന്ന് അഭ്യൂഹം.

രാഘവ് ഛദ്ദ 37ലക്ഷത്തിന്റെ സ്വത്ത് വിവരം മാത്രമാണ് രാജ്യസഭയ്ക്ക് കൈമാറിയിരുന്നത്. ഒരു സ്വിഫ്റ്റ് കാ‌റും 30,000 രൂപയും അടക്കമാണിത്. എന്നാൽ, ഭാര്യയും മോഡലും നടിയുമായ പരിനീതി ചോപ്രയ്‌ക്ക് 74 കോടിയിലധികം രൂപയുടെ സ്വത്തുണ്ട്. മുംബയ് ബാന്ദ്രയിൽ 22 കോടിയുടെ ബംഗ്ലാവ്, ആഢംബരക്കാറുകൾ ഉൾപ്പെടെയാണിത്. വാർഷിക വരുമാനം ശരാശരി 5.36 കോടിയാണ്. ഇതിൽ ആദായനികുതി വകുപ്പും കേന്ദ്ര ഏജൻസികളും പിടിമുറുക്കുമോയെന്ന ആശങ്ക രാഘവ് ഛദ്ദയെ അലട്ടിയിരുന്നതായി സൂചന.

ഡൽഹിയിലെ സാധാരണ കുടുംബത്തിൽ 1988 നവംബ‌ർ 11നായിരുന്നു രാഘവ് ഛദ്ദയുടെ ജനനം. മോഡേൺ സ്‌കൂളിലും ഡൽഹി സർവകലാശാലയിലും വിദ്യാഭ്യാസം. 2011ൽ ചാർട്ടേഡ് അക്കൗണ്ടന്റായി. 2012ൽ കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി. 2015ൽ 26ാം വയസിൽ ആംആദ്മി പാർട്ടിയുടെ ദേശീയ ട്രഷറർ ആയി.

പാർട്ടിയിൽ പ്രാമുഖ്യം നഷ്ടപ്പെട്ടു

2019: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ തോറ്റു

2020: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം

2020: ആംആദ്മിയുടെ പഞ്ചാബ് ഘടകത്തിന്റെ മേൽനോട്ട ചുമതല

2022:പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക്

2022:പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക്

2026: ഏപ്രിൽ 2ന് പാർട്ടിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തു നിന്നു നീക്കി