ഗുരുസാഗരത്തിലെ ധീരനാവികൻ
'യാഥാസ്ഥിതിക സന്യാസമായിരിക്കും പ്രസാദിന് ചേരുന്നത്: നാരായണഗുരുകുല സ്ഥാപകനായ നടരാജഗുരു നിത്യചൈതന്യയതിയുമായുളള സംഭാഷണമദ്ധ്യേ സാന്ദർഭികമായി പറഞ്ഞതാണിത്. സന്യാസത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെങ്കിലും ജീവിതത്തിലും ചിന്തയിലും കാഴ്ചപ്പാടിലുമെല്ലാം തികഞ്ഞ ഉത്പതിഷ്ണുവായിത്തന്നെയാണ് ഗുരു മുനിനാരായണ പ്രസാദ് ജീവിച്ചത്. ലാളിത്യം അദ്ദേഹത്തിന്റെ ജീവിതരീതിയായിരുന്നു. ഉടുപ്പിലും നടപ്പിലുമെല്ലാം അത് കൃത്യമായി പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നുമില്ല.
ആർഭാടങ്ങളിലൊന്നും അഭിരമിക്കാതെ ശുദ്ധസന്യാസത്തിന്റെ വഴിയിൽ മനസിനു കടിഞ്ഞാണിട്ടു തന്നെയാണ് ജീവിതാവസാനം വരെയും മുനി കഴിഞ്ഞത്. ആധുനികകാലത്ത് ഭാരതീയ സംസ്കാരത്തിനും സന്യാസത്തിനും ഒരു ഉത്തമമാതൃകയാണ് ധന്യമായ ആ ജീവിതം.
യുവത്വത്തിലേക്ക് കടക്കും മുമ്പുതന്നെ നിത്യചൈതന്യയതി വഴിയാണ് ആദ്യമായി ഗുരുകുല
ത്തിലെത്തുന്നത്.
യുവാവായ എം.എൻ.പ്രസാദിനെ ഈ ലേഖകൻ ആദ്യമായി കാണുന്നത് 1958ലാണ്. അന്ന് ശിവഗിരിസ്കൂളിൽ അപ്പർപ്രൈമറി വിഭാഗം വിദ്യാർത്ഥിയായിരുന്നു. ശിവഗിരി മഠത്തിനു വടക്ക് പാർശ്വഭാഗത്തായുള്ള വയൽവാരമാണ് സ്കൂളിലേക്കുള്ള യാത്ര. യാത്രയ്ക്കിടയിൽ വരമ്പിന്റെ അങ്ങേതലയ്ക്കൽ വെള്ളമുണ്ടും ജുബ്ബയും ധരിച്ച ഒരു യുവാവ് ധൃതിയിൽ നടന്നുവരുന്നുണ്ടാവും. ജോലിസ്ഥലമായ കൊല്ലത്ത് ട്രെയിനിൽ പോകാൻ റെയിൽവേ സ്റ്റേഷനിലേക്കാണ് അദ്ദേഹം പോകുന്നത്.
ഗുരുകുലത്തിലെ സ്വാമി എന്നേ അന്ന് അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾ കുട്ടികൾക്കറിയാവൂ. ധൃതിയിലാണെങ്കിലും ഇടംവലം നോക്കാതെ ഒരു നേർരേഖയിലെന്ന പോലെയാണ് ആ യുവാവ് നടന്നുപോയിരുന്നത്. അദ്ദേഹത്തിന്റെ പിൽക്കാല ജീവിതവും ഒരു നേർരേഖയിലൂടെയായിരുന്നു. അന്നത്തെ ആ യുവാവാണ് പിന്നീട് ബ്രഹ്മചാരിയും സന്യാസിയുമൊക്കെയായി നാരായണ ഗുരുകുലത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്.
ഈ ലേഖകൻ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് കേരളകൗമുദിയുടെ വർക്കല ഓഫീസിലേക്കാണ്
നടന്നുകയറിയത്. ഒരു പത്രലേഖകൻ എന്ന നിലയിലാണ് ഗുരുകുലത്തിലെ മുനിനാരായണ പ്രസാദുമായി പരിചയം സ്ഥാപിക്കുന്നതെങ്കിലും വളരെപ്പെട്ടെന്ന് അതൊരു സഹോദര ബന്ധത്തിലേക്ക് വളർന്നു. വല്ലാത്തൊരടുപ്പമാണ് ജീവിതാവസാനം വരെയും ഞങ്ങൾക്കിടയിലുണ്ടായിരുന്നത്.
പത്രവുമായി ബന്ധപ്പെട്ട് ഗുരുകുല ബന്ധുക്കളിൽ ആർക്ക് എന്താവശ്യമുണ്ടായാലും മുനി നിർദ്ദേശിക്കുന്നത് എന്റെ പേരായിരിക്കും. എത്ര തിരക്കിനിടയിലും എന്നെക്കണ്ടാൽ ഒരു വാക്കെങ്കിലും ചോദിക്കാതെ പോകുമായിരുന്നില്ല. ഞാനടക്കം മുതിർന്ന ഗുരുകുല ബന്ധുക്കൾക്കെല്ലാം അദ്ദേഹം പ്രസാദണ്ണനാണ്. ഗുരുകുലാദ്ധ്യക്ഷനും ഗുരുവുമൊക്കെയായപ്പോഴും സ്വകാര്യ സംഭാഷണങ്ങളിൽ പ്രസാദണ്ണനെന്ന് പറയുവാനേ നാവ് വഴങ്ങുമായിരുന്നുള്ളു.
ഒരു ജ്യേഷ്ഠസഹോദരന്റെ സ്ഥാനമാണ് മുതിർന്ന ഗുരുകുല ബന്ധുക്കൾക്കിടയിൽ മുനിനാരായണ പ്രസാദിന് ഉണ്ടായിരുന്നത്. അവരുടെ സന്ദേഹങ്ങളിലും പ്രതിസന്ധികളിലും വ്യക്തിപരമായ ദുഃഖങ്ങളിലുമെല്ലാം ആശ്വാസത്തിന്റെ കുളിർതെന്നലായി ആ സാന്നിദ്ധ്യമുണ്ടായിരുന്നു. അർബുദ ബാധയെത്തുടർന്ന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ 2005 അവസാനത്തിൽ ഡോ. സുഭഗൻ രാഘവന്റെ മംഗള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിൽ കാണാൻചെന്നു. എനിക്ക് ചെയ്യേണ്ട ജോലിയെല്ലാം കഴിഞ്ഞു. ഇനി ഈ ശരീരം ഞാൻ ഡോക്ടർമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അസഹ്യമായ വേദനയ്ക്കിടയിലും അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.
എല്ലാ ജോലിയും തീർന്നിട്ടില്ല. ഇനിയും ഏറെ ബാക്കിയുണ്ട് എന്ന അർത്ഥത്തിൽ ഞാനും സംസാരിച്ചു. അതെന്താണ് എന്ന മറുചോദ്യമായിരുന്നു മറുപടി. നടരാജഗുരു, ജോൺസ്പിയേഴ്സ്, മംഗളാനന്ദസ്വാമി, നിത്യചൈതന്യയതി എന്നിവർക്കൊപ്പം ജീവിച്ച വലിയൊരനുഭവമുണ്ട്. അതൊക്കെ രേഖപ്പെടുത്താതിരുന്നാൽ വലിയൊരു നഷ്ടമാവും. പറഞ്ഞുകൊടുത്താൽ ആരെങ്കിലും എഴുതിയെടുക്കും. എന്റെ നിർദ്ദേശത്തിന് മൗനമായിരുന്നു മറുപടി.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കുമായിരുന്നു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവിയും ഒരു ദിവസം ഗുരുവിനെ ആശുപത്രിയിൽ സന്ദർശിക്കാനെത്തി. ചികിത്സയും ആശുപത്രിവാസവുമൊക്കെ ഏറെക്കാലമെടുത്തു. ആരോഗ്യം പതിയെ മെച്ചപ്പെട്ടുതുടങ്ങി. എഴുത്തും വായനയുമെല്ലാം ചെറിയതോതിൽ തുടങ്ങിയതായി ഗുരുകുല അന്തേവാസികൾ പറഞ്ഞറിഞ്ഞു. നാരായണഗുരുവിന്റെ സമ്പൂർണ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയടക്കം പ്രധാനപ്പെട്ട ഒട്ടേറെ കൃതികൾ രോഗത്തിന്റെയും ചികിത്സയുടെയും കാലഘട്ടത്തിനു ശേഷമാണ് എഴുതിയതെന്ന കാര്യവും ശ്രദ്ധേയമാണ്.
പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും നടക്കുന്നതിനും മറ്റും അല്പം പ്രയാസമുണ്ടായിരുന്നു.
ഈ കാലയളവിലാണ് എനിക്കൊരു സർജറി വേണ്ടിവന്നത്. സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ ഒരു ദിവസം ഉച്ചകഴിഞ്ഞ് വീടിനു മുമ്പിൽ ഒരു ഓട്ടോറിക്ഷ വന്നുനിന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയ ഞാൻ കണ്ടത് ഓട്ടോറിക്ഷയിൽ നിന്ന് പതിയെ ഇറങ്ങിവരുന്ന മുനിനാരായണ പ്രസാദെന്ന ജ്ഞാനവൃദ്ധനെയാണ്. എനിക്ക് സർജറി കഴിഞ്ഞ വിവരം ആരോ പറഞ്ഞ് കേട്ടറിഞ്ഞുള്ള വരവാണ്. ഗുരുകുലത്തിലെ ഒരു അന്തേവാസിയെയും കൂട്ടിയാണ് എത്തിയത്. ഏറെനേരം രോഗവിവരങ്ങളൊക്കെ ചോദിച്ച് അറിഞ്ഞശേഷം അതേ ഓട്ടോയിൽ മടങ്ങുകയും ചെയ്തു.
കേരളകൗമുദിയുടെ ചീഫ് ന്യൂസ് എഡിറ്റർ വി.എസ്. രാജേഷ് നിർദ്ദേശിച്ച പ്രകാരം
എല്ലാ ആഴ്ചയും ഒരു കോളം എഴുതാനുള്ള ആവശ്യവുമായാണ് പിന്നീട് മുനിയെക്കണ്ടത്. മാനവദർശനം എന്ന പേരിൽ കേരളകൗമുദിയുടെ എഡിറ്ര് പേജിൽ വന്ന മുനിയുടെ കോളത്തിന് വായനക്കാർ ധാരാളമായിരുന്നു. ചെറിയ വലിയ കാര്യങ്ങളായിരുന്നു ഓരോ ആഴ്ചയിലെയും വിഷയം. കൊവിഡ് കാലം വരെയും അത് തുടർന്നു. 'നർമ്മങ്ങൾ മർമ്മങ്ങൾ' എന്നപേരിൽ പിന്നീടത് പുസ്തകമായി പ്രസിദ്ധീകരിച്ചു.
ഗുരുസാഗരത്തിലെ ധീരനാവികൻ എന്നാണ് പണ്ഡിതശ്രേഷ്ഠനും പ്രഭാഷകനുമായ ഡോ. സുകുമാർ അഴീക്കോട് മുനിനാരായണ പ്രസാദിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അഴീക്കോട് പറയുന്നതിങ്ങനെയാണ്: ''ദൈവദശകത്തിൽ ദൈവം ജീവിതസാഗരത്തിൽ വഴികാട്ടുന്ന നാവികനാണെന്ന ഒരു സങ്കല്പമുണ്ടല്ലോ. ശ്രീനാരായണ ജ്ഞാനത്തിന്റെ മഹാസാഗരത്തിൽ സഞ്ചരിക്കുന്നവർക്ക് വഴികാട്ടിയായി വർത്തിക്കുന്ന വിശ്വസ്തനായ നാവികനാണ് മുനിനാരായണപ്രസാദ്''.