യു.എസുമായി ചർച്ചയില്ല, ഇറാൻ സംഘം പാകിസ്ഥാൻ വിട്ടു
ഡിമാൻഡുകൾ അറിയിച്ചു പാക് യാത്ര റദ്ദാക്കി യു.എസ് സംഘം സമാധാന ശ്രമം വീണ്ടും തുലാസിൽ
ഇസ്ലാമാബാദ്: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിനായുള്ള തങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും അടങ്ങിയ ലിസ്റ്റ് മദ്ധ്യസ്ഥ രാജ്യമായ പാകിസ്ഥാന് സമർപ്പിച്ച് ഇറാൻ. ഇന്നലെ ഇസ്ലാമാബാദിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടക്കം നേതാക്കളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും ഉപേക്ഷിക്കണം എന്നതടക്കമുള്ള യു.എസിന്റെ അതിരുകടന്ന ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച അരാഗ്ചി, യു.എസ് സംഘവുമായി നേരിട്ട് ചർച്ച നടത്താൻ തയ്യാറായില്ല. സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്നലെ ഒമാനിലേക്ക് തിരിച്ചു. പിന്നാലെ, ഇന്ന് പാകിസ്ഥാനിൽ എത്തേണ്ടിയിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജറേഡ് കുഷ്നറും (ട്രംപിന്റെ മരുമകൻ) യാത്ര റദ്ദാക്കി. ഇതോടെ യു.എസും ഇറാനും തമ്മിലെ രണ്ടാം റൗണ്ട് സമാധാന ചർച്ച അനിശ്ചിതത്വത്തിലായി. അരാഗ്ചിയെ യു.എസ് സംഘവുമായി മുഖാമുഖം ചർച്ചയ്ക്കെത്തിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. സുപ്രധാന തീരുമാനങ്ങളുണ്ടായാൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നേരിട്ടെത്തി ഏകോപിപ്പിക്കുമെന്ന് പാകിസ്ഥാനെ അറിയിച്ചിരുന്നു. അരാഗ്ചിയെ വരും ദിവസങ്ങളിൽ വീണ്ടും പാകിസ്ഥാനിൽ എത്തിക്കാൻ ശ്രമമുണ്ട്.
വിമാന സർവീസുകൾ
പുനരാരംഭിച്ചു
ഏപ്രിൽ 8ന് നിലവിൽ വന്ന ഇറാൻ-യു.എസ് വെടിനിറുത്തലിന്റെ കാലാവധി ട്രംപ് അനിശ്ചിത കാലത്തേക്ക് നീട്ടിയ സാഹചര്യത്തിൽ, ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു. ഇന്നലെ മദീന, മസ്‌കറ്റ്, ഇസ്താംബുൾ എന്നിവിടങ്ങളിലേക്കായിരുന്നു ആദ്യ സർവീസുകൾ.
ലെബനനിൽ അശാന്തി
ലെബനൻ-ഇസ്രയേൽ വെടിനിറുത്തൽ മൂന്നാഴ്ചത്തേക്ക് നീട്ടിയെങ്കിലും തെക്കൻ ലെബനനിൽ അശാന്തി തുടരുന്നു. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെ നാല് പേർ കൊല്ലപ്പെട്ടു. ലിതാനി നദിയ്ക്ക് സമീപത്തെ പ്രദേശങ്ങളിലേക്ക് ജനങ്ങൾ മടങ്ങിയെത്തരുതെന്നും ഇവിടെ ഹിസ്ബുള്ളയുമായി ആക്രമണം സജീവമാണെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.