എച്ച് - 1 ബി വിസ: നിയന്ത്രണം കടുപ്പിക്കാൻ യു.എസ്  മൂന്ന് വർഷത്തേക്ക് നിറുത്തിവയ്ക്കണമെന്ന് ആവശ്യം

Sunday 26 April 2026 8:30 AM IST

വാഷിംഗ്ടൺ: ​ എച്ച് - 1 ബി നോൺ ഇമിഗ്രന്റ് വർക്കർ വിസയുടെ വിതരണം മൂന്ന് വർഷത്തേക്ക് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ യു.എസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ.

ഇക്കാലയളവിൽ നിലവിലെ എച്ച് - 1 ബി വിസാ സംവിധാനം പരിഷ്കരിക്കണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നു. ശേഷം പ്രതിവർഷം നൽകുന്ന എച്ച് - 1 ബി വിസകളുടെ എണ്ണം 65,000 ത്തിൽ നിന്ന് 25,000 ആയി കുറയ്ക്കണമെന്നും പറയുന്നു. വിസാ ഉടമകൾക്ക് ഗ്രീൻ കാർഡ് വിലക്കണം, കുറഞ്ഞ ശമ്പളം പ്രതിവർഷം 2 ലക്ഷം ഡോളറാക്കണം, കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് തടയണം തുടങ്ങിയ നിയന്ത്രണങ്ങളും ബില്ലിൽ ആവശ്യപ്പെടുന്നു. വിദേശ വിദ്യാർത്ഥികൾക്ക് പഠനശേഷം ജോലിക്ക് അനുവാദം നൽകുന്ന ഒ.പി.ടി (ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് ) പദ്ധതി പൂർണമായും നിറുത്തണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.

നിലവിൽ പ്രാരംഭ ഘട്ടത്തിലാണ് ബിൽ. സഭാ കമ്മിറ്റി ബിൽ പുനപരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് സഭയിലെയും സെനറ്റിലെയും വോട്ട് പാസായാൽ പ്രസിഡന്റിന്റെ ഒപ്പോടെ ബിൽ നിയമമാകും. നിലവിലെ സാഹചര്യത്തിൽ സഭയിൽ പാസായാലും ബിൽ സെനറ്റ് കടക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ. രാജ്യത്ത് അമേരിക്കൻ പൗരന്മാരുടെ നിയമനത്തിന് മുൻഗണന നൽകാനും കുടിയേറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ബിൽ. എച്ച് - 1 ബി വിസക്കാരിൽ മുന്നിൽ ഇന്ത്യക്കാരാണ്.