അമേരിക്കൻ കോടീശ്വരനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു

Sunday 26 April 2026 8:33 AM IST

ലിബ്രവിൽ : അമേരിക്കൻ കോടീശ്വരനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. മദ്ധ്യാഫ്രിക്കൻ രാജ്യമായ ഗാബോണിൽ ഈമാസം 17നായിരുന്നു സംഭവം. പ്രശസ്ത വേട്ടക്കാരൻ കൂടിയായ എർണീ ഡോസിയോ (75) ആണ് കൊല്ലപ്പെട്ടത്. മാനെ വേട്ടയാടാനായി ലോപ് ഒകാൻഡ വനത്തിൽ ഗൈഡിനൊപ്പം എത്തിയതായിരുന്നു ഡോസിയോ. ഇതിനിടെ അഞ്ച് ആനകളും ഒരു കുട്ടിയാനയും അപ്രതീക്ഷിതമായി ഇവർക്ക് മുന്നിൽ എത്തുകയായിരുന്നു. ഇരുവർക്കുമെതിരെ പാഞ്ഞടുത്ത ആനക്കൂട്ടം ഡോസിയോയെ തള്ളിയിട്ട് ചവിട്ടിമെതിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നെങ്കിലും വിഫലമായി. ഗൈഡിന് ഗുരുതര പരിക്കേറ്റു. ഡോസിയോയുടെ മൃതദേഹം ഗാബോണിലെ യു.എസ് എംബസി അധികൃതർ ഏറ്റുവാങ്ങി കാലിഫോർണിയയിലേക്ക് കൊണ്ടുപോയി. ബെറ്റിയാണ് ഡോസിയോയുടെ ഭാര്യ. ജെഫ്, ബ്ലേക്ക് എന്നിവരാണ് മക്കൾ. കാലിഫോർണിയയിലെ മോഡസ്റ്റോയിൽ 12,000 ഏക്കർ മുന്തിരിത്തോട്ടത്തിന്റെ നിയന്ത്രണമുള്ള പസഫിക് അഗ്രിലാൻഡ്സ് കമ്പനിയുടെ ഉടമയാണ് ഡോസിയോ. വൈൻ ഉത്പാദകർക്കുള്ള സേവനങ്ങളും ഉപകരണങ്ങളും ധനസഹായവും കമ്പനി നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആഷർ വാറ്റ്കിൻസ് എന്ന അമേരിക്കൻ കോടീശ്വരൻ ദക്ഷിണാഫ്രിക്കയിൽ വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചിരുന്നു.