സൊമാലിയ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി

Sunday 26 April 2026 8:33 AM IST

മൊഗാഡീഷു : കിഴക്കേ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തീരത്ത് നിന്ന് എണ്ണക്കപ്പൽ റാഞ്ചിയെടുത്ത് കടൽക്കൊള്ളക്കാർ. ബുധനാഴ്ചയായിരുന്നു സംഭവം. ഓണർ 25 എന്ന കപ്പലിനെയാണ് സൊമാലിയൻ തീരത്തിന് 30 നോട്ടിക്കൽ മൈൽ അകലെവച്ച് ആയുധധാരികളായ ആറ് കൊള്ളക്കാർ ചേർന്ന് തട്ടിയെടുത്തത്. 18,500 ബാരൽ എണ്ണയുമായി സൊമാലിയൻ തലസ്ഥാനമായ മൊഗാഡീഷുവിലേക്ക് വരികയായിരുന്നു കപ്പൽ. നിലവിൽ തീരദേശ പട്ടണങ്ങളായ ഹാഫുനും ബന്ദർ ബെയ്‌ലയ്ക്കും മദ്ധ്യേ നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. കൂടുതൽ കൊള്ളക്കാർ കപ്പലിന്റെ ഉള്ളിലേക്ക് പ്രവേശിച്ചെന്നാണ് വിവരം. 17 ജീവനക്കാർ കപ്പലിലുണ്ട്. ഇതിൽ ഒരാൾ ഇന്ത്യക്കാരനാണെന്നാണ് വിവരം. സൊമാലിയ കടുത്ത ഇന്ധന പ്രതിസന്ധിയിലൂടെ നീങ്ങുന്നതിനിടെയാണ് സംഭവം. പെട്രോൾ വില രാജ്യത്ത് മൂന്നിരട്ടിയായി ഉയർന്നു. അതേ സമയം, പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ്, ചെങ്കടൽ സമുദ്ര മേഖലകളിലൂടെയുള്ള യാത്ര ഷിപ്പിംഗ് കമ്പനികൾക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ ഭീതി സൃഷ്ടിക്കുന്നത്.