മനുഷ്യരാശിയെ നടുക്കിയ ചെർണോബിൽ

Sunday 26 April 2026 8:33 AM IST

കീവ്: ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആണവ അപകടമായ ചെർണോബിൽ ദുരന്തമുണ്ടായിട്ട് ഇന്ന് 40 വർഷം. 1986 ഏപ്രിൽ 26ന് പുലർച്ചെ 1.23ന് യുക്രെയിനിലെ (അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗം) പ്രിപ്യാറ്റ് നഗരത്തിന് സമീപം ബെലറൂസ് അതിർത്തിയോട് ചേർന്ന ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടറിൽ അതിഭീകര പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.

രണ്ട് ജീവനക്കാർ തത്ക്ഷണം മരിച്ചു. 28ഓളം ജീവനക്കാർക്ക് അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം ബാധിച്ചു. ഇവർ ആഴ്ചകൾക്കുള്ളിൽ മരിച്ചു. വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും റിയാക്ടറിന്റെ രൂപകല്പനയിലുണ്ടായ പിഴവുമാണ് സുരക്ഷാ പരിശോധനയ്ക്കിടെ സംഭവിച്ച പൊട്ടിത്തെറിയുടെ കാരണം.

റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്ന് ടൺ കണക്കിന് റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പുറത്തുവന്നു. ആണവ വികിരണങ്ങൾ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പതിനായിരങ്ങളെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചെങ്കിലും കുറഞ്ഞത് 4,000 പേരെങ്കിലും വികിരണ ഫലമായുണ്ടായ ക്യാൻസർ പോലുള്ള രോഗങ്ങളാൽ മരിച്ചെന്നാണ് കണക്കുകൾ. കുറഞ്ഞത് 60,000 പേർ മരിച്ചിട്ടുണ്ടാകാമെന്നും വാദമുണ്ട്.

ഇന്ന് ചെർണോബിലിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ല. നാലാം നമ്പർ റിയാക്ടറും റേഡിയോ ആക്ടീവ് വസ്തുക്കളും ഭീമൻ സ്റ്റീൽ സംരക്ഷണ കവചത്തിനുള്ളിലാണ് (ന്യൂ സേഫ് കൺഫൈൻമെന്റ് ). ഹിരോഷിമയിൽ വീണ അണുബോംബിനേക്കാൾ 400 ഇരട്ടി റേഡിയേഷനാണ് ചെർണോബിൽ ദുരന്തത്തിന്റെ ഫലമായുണ്ടായത്.