എസി വാങ്ങി നൽകിയില്ല; ഭർത്താവും വീട്ടുകാരും ടെറസിൽ പോയി ഉറങ്ങിയതിന് പിന്നാലെ 23കാരി ജീവനൊടുക്കി

Sunday 26 April 2026 11:22 AM IST

ചെന്നൈ: ഭർത്താവ് എസി വാങ്ങാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. തമിഴ്‌നാട് തിരുവള്ളൂരിലാണ് സംഭവം. പുല്ലാരംപാക്കം സ്വദേശിനി മോണിക്ക (23) ആണ് മരിച്ചത്. എസി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മോണിക്കയും ഭർത്താവ് ആകാശും (26) തമ്മിൽ ഇന്നലെ രാത്രി വഴക്ക് നടന്നിരുന്നു. തുടർന്ന് ആകാശും മാതാപിതാക്കളും സഹോദരനും രാത്രി ടെറസിലാണ് ഉറങ്ങിയത്.

രാവിലെ ഉറക്കമുണർന്ന് താഴെയെത്തിയപ്പോൾ മോണിക്കയുടെ മുറി അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് ആകാശ് പൊലീസിനോട് പറഞ്ഞത്. വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ മോണിക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രാഥമിക നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്തു.

മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് മോണിക്കയുടെ മാതാപിതാക്കൾ ആരോപിച്ചതോടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വസ്ത്ര വില്പനശാലയിലെ ജീവനക്കാരിയായിരുന്നു മോണിക്ക. ആകാശും ഇവിടെയാണ് ജോലി ചെയ്യുന്നത്. മൂന്ന് വർഷം മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.