ഒറ്റയിരുപ്പിൽ നാല് പാട്ടുകൾ വരെ ചൂളമടിച്ച് പാടും; സ്റ്റേജ് ഷോകൾ കീഴടക്കുകയാണ് ആലപ്പുഴക്കാരി

Sunday 26 April 2026 1:53 PM IST

ആലപ്പുഴ: പഴയകാല സിനിമകളിൽ നായികയെ പാട്ടിലാക്കാൻ ചൂളമടിച്ച് പിറകേ നടക്കുന്ന നായകന്മാർ സ്ഥിരം പല്ലവിയായിരുന്നു. എന്നാലിവിടെ ചൂളമടിയെ പൂർണ ഗാനമാക്കി ആസ്വാദകരെ കൈയിലെടുക്കുകയാണ് ന്യൂജൻ ഗായികയായ ആലപ്പുഴ മാവേലിക്കര വരേണിക്കൽ സ്വദേശി ഐശ്വര്യ ആർ നായർ (27)​.

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ രവീന്ദ്രൻ നായരിൽ നിന്നാണ് ഐശ്വര്യ ഈ വിദ്യ പഠിച്ചത്. ജോലി കഴിഞ്ഞെത്തുന്ന രവീന്ദ്രൻ നായർ വിസിലടിച്ചായിരുന്നു താൻ വീട്ടിലെത്തിയ വിവരം അറിയിച്ചിരുന്നത്. അതിനോട് ഇഷ്ടം തോന്നിയ ഐശ്വര്യ​ അച്ഛനെ അനുകരിക്കാൻ തുടങ്ങി. 10 വയസുമുതൽ വിസിലടി സ്ഥിരം പ്രാക്ടീസാക്കി മാറ്റി.

പതിയെ പാട്ടുകൾ ചൂളമടിയിലാക്കി. കോളേജിൽ പഠിക്കുമ്പോൾ ആദ്യമായി സ്റ്റേജ് ഷോയിൽ പങ്കെടുത്തു. ഇൻഷ്വറൻസ് ഓഫീസിൽ ചെറിയൊരു ജോലിയുണ്ടെങ്കിലും സ്റ്റേജ് ഷോകൾ അവതരിപ്പിച്ചാണ് ഐശ്വര്യ ജീവിതം നയിക്കുന്നത്. ലണ്ടൻ ബുക്ക് ഒഫ് റെക്കോഡിനുള്ള പരിശീലനത്തിലാണ് നിലവിൽ ഐശ്വര്യ.

നിറുത്താതെ 4 പാട്ടുകൾ വരെ

3- 4 പാട്ടുകൾവരെ ഐശ്വര്യ നിറുത്താതെ അവതരിപ്പിക്കും. പഴയതും പുതിയതുമായ എല്ലാ പാട്ടുകളും ചൂളമടിയിലൂടെ പാടും. പരിപാടികളിൽ പ്രേക്ഷകർ ആവശ്യപ്പെടുന്ന പാട്ടുകളും അവതരിപ്പിക്കും. ജോസഫ് എന്ന ചിത്രത്തിലെ 'പൂമുത്തോളെ"... എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയയായത്.

നിരവധി ടി വി പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ടാലന്റ് ബുക്ക് ഒഫ് റെക്കോഡിലും ആർട്സിൽ കേരളത്തിൽ നിന്നുള്ള ആദ്യ വനിതയായി ലണ്ടൻ ഹെരാൾഡ് മാഗസിനിലും ഇടം നേടി. ഗീതകുമാരിയാണ് അമ്മ. അനിയൻ അശ്വിൻ. സുനിൽ കുമാറാണ് ഭർത്താവ്.