പൊള്ളുന്ന ചൂടിൽ പക്ഷികളും മടുത്തു
കോട്ടയം : ചുട്ടുപൊള്ളുന്ന ചൂടിൽ നഗരത്തിൽ പക്ഷികളുടെ സാന്നിദ്ധ്യം കുറഞ്ഞതായി റിപ്പോർട്ട്. കൂടുതൽ മരങ്ങൾ നിറഞ്ഞ നഗരപ്രാന്തങ്ങളിലേക്ക് പക്ഷികൾ മാറുകയാണ്. കൂടാതെ,മരപ്പൊത്തുകളിലേക്കും ഇലത്തലപ്പിനുള്ളിലേക്ക് ഒതുങ്ങുന്നവരുമുണ്ട്. നാഗമ്പടം സ്‌റ്റേഡിയം പരിസരത്തുള്ള കൊറ്റില്ലത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുകളുടെ എണ്ണം കുറഞ്ഞു. ഒൻപത് മരങ്ങളിലായി ഇരുന്നൂറിൽ താഴെ കൂടുകളാണ് കാണാനായത്. ചേരക്കോഴി, ചെറിയ നീർകാക്ക, കിന്നരി നീർകാക്ക എന്നിവയുടെ കൂടുകളില്ല. കഴിഞ്ഞ വർഷം അറുന്നൂറോളം കൂടുകളാണ് ഉണ്ടായിരുന്നത്. വേനൽച്ചൂട് പക്ഷികളുടെ പ്രജനനത്തെയും കൂട് നിർമ്മാണത്തെയും ബാധിച്ചിട്ടുണ്ട്.
കണ്ടെത്തിയത് 31 ഇനം മാത്രം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷകർ, വിദഗ്ദ്ധർ, ജൂനിയർ നാച്ചുറലിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 31 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. മുൻവർഷം 47 ആയിരുന്നു. ചിന്നകുട്ടറുവാൻ, നാട്ടുമൈന, കാക്കകൾ, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തിൽ ഏറ്റവും അധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി, ചേരകോഴി എന്നിവയുമുണ്ട്. നഗരത്തെ അഞ്ച് സെക്ടറുകളായി തിരിച്ച് നടത്തിയ സർവേയിൽ ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് സി.എം.എസ് കോളേജ് ക്യാമ്പസിലും ഈരയിൽക്കടവിലുമാണ്. നാഗമ്പടം സ്റ്റേഡിയം പരിസരം, കളക്ടറേറ്റ്, പി.ഡബ്ല്യു.ഡി റസ്റ്റ്‌ഹൌസ് എന്നിവിടങ്ങളിലും കണക്കെടുപ്പ് നടന്നു. ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, എം.എൻ അജയകുമാർ എം.എൻ, എൻ.ബി ശരത് ബാബു, അനൂപാ മാത്യൂസ്, സുഹാന എന്നിവർ നേതൃത്വം നൽകി.