അറതലച്ചിക്കുളം നവീകരണം അനിശ്ചിതത്വത്തിൽ
ഉദിയൻകുളങ്ങര: കുളങ്ങൾ നശിക്കുന്നതോടെ പാടങ്ങൾ കൃഷി ചെയ്യാതെ തരിശിടാൻ കാരണമാവുന്നു. വേനൽക്കാലത്തും വെള്ളം കിട്ടേണ്ട ഉറവിമായ കുളമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള തവരവിള വാർഡിൽ കേന്ദ്ര സർക്കാറിന്റെ ഒന്നേ മുക്കാൽ ലക്ഷത്തോളം മുതൽമുടക്കിയുള്ള അറതലച്ചിക്കുളം നവീകരണം നീളുകയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ പണി ഇതുവരേയും ഒന്നുമായിട്ടില്ല.
വേനൽ കഴിഞ്ഞ് മഴക്കാലമെത്തിയാലും പണി തീരുമെന്ന കർഷകരുടെ പ്രതീക്ഷയാണ് വിഫലമാകുന്നത്.
തിരുവനന്തപുരം ജില്ലയിലെ വിസ്തൃതി കൂടിയ കുളങ്ങളിലൊന്നാണ് അറതലച്ചിക്കുളം. പണികൾ ഒച്ചിഴയുന്നതുപോലെയാണ് നീങ്ങുന്നത്.
നെടുന്തറക്കുളവും നവീകരിച്ചിട്ടില്ല
ഇതേ വാർഡിലെ നെടുന്തറക്കുളം (കുളവിൻതലക്കുളം) നവീകരിച്ചിട്ട് 30വർഷത്തിലേറെയായി. വെള്ളം വാർന്ന് പോകുന്നതാണ് പ്രശ്‌നം.ചെളി നിറഞ്ഞു കിടക്കുന്ന കുളത്തിൽ കർഷകർക്ക് ജലം സംഭരിച്ചു നിറുത്താനും മാർഗ്ഗമില്ല. മന്ത്രിമാർക്കടക്കം കർഷക സംഘടനകൾ കൊടുത്ത പരാതിയിൽ നടപടിയായില്ല.
കുടിവെള്ളക്ഷാമം രൂക്ഷം
കഴിഞ്ഞ രണ്ടു വർഷക്കാലമായി ഈ പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളാണ് തരിശു നിലമായി മാറിക്കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് കർഷകരാണ് കാർഷിക ലോൺ അടച്ചു തീർക്കാനും കൃഷി ഇറക്കാനും കഴിയാതെ കടക്കണിയിൽ കഴിയുന്നത്. വേനൽ കടുത്തതോടെ പ്രദേശത്ത് കിണറുകളിലും നീർച്ചാലുകളിലും ജല ഉറവിടം നഷ്ടപ്പെട്ട് കുടിവെള്ളക്ഷാമം രൂക്ഷമായി മാറിയിരിക്കുകയാണ്.
കർഷകരും പ്രതിസന്ധിയിൽ
കടുത്ത വേനൽക്കാലത്തും കൃഷിയിടങ്ങളിൽ കപ്പ,ചീര,കീര,പയർ വർഗങ്ങൾ,മധുരക്കിഴങ്ങ്,പടവലം
എന്നിവ കൃഷി ചെയ്തിരുന്നത് ഈ കുളത്തിനെ ആശ്രയിച്ചായിരുന്നു. ഈ കുളത്തിൽ നിന്നാണ് പല നീർച്ചാലുകൾ വഴി മറ്റു കുളങ്ങളിലേക്കും കൃഷിയിടത്തേക്കും വെള്ളമെത്തുന്നത്.
കർഷകരുടെ ദുരിതം അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അടിയന്തരമായി കുളം നവീകരിച്ച് കൃഷിയിടങ്ങൾ സംരക്ഷിക്കണമെന്നാണ് ആവശ്യം.