പൊയിലൂരിൽ കണ്ടെത്തിയ 'ബോംബുകൾ' വ്യാജം

Monday 27 April 2026 12:11 AM IST
പൊയിലൂർ, മേപ്പാട് ചേനാങ്കണ്ടി പീടികയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും കണ്ടെത്തിയ വ്യാജ ബോംബുകൾ

എം സാൻഡും കല്ലുകളും നിറച്ച് തയ്യാറാക്കിയത്‌

തലശേരി: പൊയിലൂർ മേപ്പാട് പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ബോംബല്ലെന്ന് ബോംബ് സ്‌ക്വാഡ് പരിശോധനയിൽ സ്ഥിരീകരിച്ചു. എംസാൻഡും കല്ലുകളും നിറച്ച് ബോംബ് രൂപത്തിൽ ഒരുക്കിയതാണെന്ന് വ്യക്തമായതോടെ പ്രദേശവാസികളിൽ പടർന്ന ആശങ്ക അകന്നു. ഒരു നാടൻ ബോംബും അഞ്ച് ഐസ്‌ക്രീം ബോംബും കണ്ടെത്തിയെന്ന വാർത്ത ഇന്നലെ രാവിലെ പ്രദേശത്ത് പരന്നിരുന്നു. വിവരമറിഞ്ഞ് കൊളവല്ലൂർ പൊലീസ് ഉടൻ സ്ഥലത്തെത്തി സംശയാസ്പദ വസ്തുക്കൾ കസ്റ്റഡിയിലെടുത്തു. തുടർന്ന് കണ്ണൂരിൽ നിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി നടത്തിയ വിശദപരിശോധനയിലാണ് ഇവ വ്യാജമാണെന്ന് തെളിഞ്ഞത്. ഇത്തരം കബളിപ്പിക്കൽ ശ്രമങ്ങൾ ഗുരുതരമായി കാണുന്നതായും ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. ഏതാനും ദിവസം മുമ്പ് സമീപ പ്രദേശത്ത് ജെ.സി.ബി ഉപയോഗിച്ച് വീടുപണി നടക്കവെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുന്നതിനിടെയാണ് സംഭവം. കൂത്തുപറമ്പ് എ.സി.പി സിബി ടോം, കൊളവല്ലൂർ എസ്‌.ഐ അഖിൽ, പൊലീസുകാരായ ടി.കെ. രാജേഷ്, വത്സൻ, കെ. സഹദേവൻ എന്നിവർ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.