2 വർഷം, 11 കുടുംബങ്ങൾക്ക് വീടൊരുക്കി ലയൺസ് ക്ലബ്ബ്

Monday 27 April 2026 12:45 AM IST
ഉപ്പുതറ ലയൺസ് ക്ലബ്ബ് നിർമ്മിച്ച നാലാമത്തെ വീട് കൈമാറുന്ന പരിപാടി ഡിസ്ട്രിക്ട് വൈസ് ഗവർണർ ഇലക്ട് ജോസ് മംഗലി ഉദ്ഘാടനം ചെയ്യുന്നു

 നാലാമത്തെ സ്‌നേഹവീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

കട്ടപ്പന: രണ്ട് വർഷം കൊണ്ട് 11 കുടുംബങ്ങൾക്ക് വീടൊരുക്കി ഉപ്പുതറ ലയൺസ് ക്ലബ്ബ്. ഈ വർഷം നിർമ്മാണം പൂർത്തീകരിച്ച നാലാമത്തെ സ്‌നേഹവീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പത്തേക്കറിലാണ് നാലാമത്തെ വീട് നിർമ്മിച്ചു ഗുണഭോക്താക്കൾക്ക് കൈ മാറിയത്. ലയൺസ് ഡിസ്ട്രിക്ട് 318 സി സെക്കന്റ് വൈസ് ഗവർണർ ഇലക്ട്, ജോസ് മംഗലി താക്കോൽദാന കർമ്മം നിർവ്വഹിച്ചു. ഉപ്പുതറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയ അദ്ധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് ചീഫ് പി.ആർ.ഒ ജോർജ് തോമസ്, കട്ടപ്പന ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജെബിൻ ജോസ് എന്നിവർ സംസാരിച്ചു. ഈ വർഷം ഉപ്പുതറ ലയൺസ് ക്ലബ്ബ് ഏഴു വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ഉപ്പുതറ പഞ്ചായത്തിലെ പത്തേക്കറിൽ നിർമ്മിച്ച വീടിന്റെ താക്കോലാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. പൊരികണ്ണിയിൽ നിർമ്മിച്ച ആദ്യ വീടിന്റെയും മാടുത്താവളത്തു നിർമ്മിച്ച രണ്ടാമത്തെ വീടിന്റെയും പള്ളിഭാഗത്തു നിർമ്മിച്ച മൂന്നാമത്തെ വീടിന്റെയും താക്കോൽ ദാനം കഴിഞ്ഞ മാസം നടന്നിരുന്നു. ബാക്കി മൂന്നു വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളിൽ എല്ലാ ഭവനങ്ങളുടെയും നിർമ്മാണം പൂർത്തിയാകുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾക്ക് ക്ലബ്ബ് ഭാരവാഹികളായ ലാൽ എബ്രഹാം, പ്രവീൺ കെ. മോഹൻ, സോജൻ ജോസഫ്, ജോയി സേവിയർ, പി.ജി. റെജികുമാർ, വി.ജെ. തോമസ്, റെനിൽ ജോസ്, പി.ആർ. രതീഷ്, എം.എ. സുനിൽ, ബിജുമോൻ മാത്യു എന്നിവർ നേതൃത്വം നൽകി.