ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കടന്ന കാർ കണ്ടെത്തി
മട്ടന്നൂർ: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം നിർത്താതെ കടന്നുകളഞ്ഞ കാർ മട്ടന്നൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്റ്റേഷൻ പരിധിയിൽ അപകടമുണ്ടാക്കി നിർത്താതെ പോയ നാലു വാഹനങ്ങളാണ് മട്ടന്നൂർ പൊലീസ് പിടികൂടിയത്. ഏപ്രിൽ 21ന് വൈകുന്നേരം 5.30ഓടെ തെരൂർ പാലയോടിലാണ് സംഭവം. മയ്യിൽ സ്വദേശിയായ ഹരീഷ് മട്ടന്നൂരിൽ നിന്നും മയ്യിലിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പിറകിൽ നിന്നുവന്ന കാർ ഇടിച്ചിട്ടശേഷം നിർത്താതെ കടന്നുപോയി.
റോഡിൽ വീണ ഹരീഷിനെ ശബ്ദം കേട്ടോടിയെത്തിയ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. ഇടതു കൈക്കും വലതു തോളിനും പരിക്കേറ്റ ഹരീഷ് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് രജിസ്റ്റർ ചെയ്ത് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടമുണ്ടാക്കിയ കർണാടക മടിക്കേരി സ്വദേശിയുടെ മാരുതി ഫ്രോൺക്സ് കാർ കണ്ടെത്തിയത്. അശ്രദ്ധമായ വാഹനമോടിക്കൽ, അപകടമുണ്ടാക്കി നിർത്താതെ പോകൽ എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എ. ബിനുവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ കെ. രതീഷ്, സി.എസ്. ഷംസീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
ഹിറ്റ് ആൻഡ് റൺ കേസുകളിൽ നാലു വാഹനങ്ങൾ പിടിയിൽ
ഒരു മാസത്തിനിടെ ഹിറ്റ് ആൻഡ് റൺ കേസുകളിലെ നാലു വാഹനങ്ങൾ മട്ടന്നൂർ പൊലീസ് കണ്ടെത്തി. മാർച്ച് 30ന് രാത്രി 8.30ഓടെ പൊറോറ മുക്കിൽ വെച്ച് നാലാങ്കേരി സ്വദേശിയായ കാൽനടയാത്രക്കാരനെ ഇടിച്ചു കടന്നുകളഞ്ഞ കാർ, അതേ ദിവസം മട്ടന്നൂരിൽ കൂത്തുപറമ്പ് നരവൂർ സ്വദേശിയെ ഇടിച്ചു പോയ സ്‌കൂട്ടർ, മാർച്ച് 31ന് മരുതായിൽ ബൈക്ക് യാത്രികനെ ഇടിച്ചു കടന്ന ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളും അപകടസ്ഥലത്തുനിന്ന് ലഭിച്ച വാഹനഭാഗങ്ങളും ഉൾപ്പെടുത്തി നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ഇതിനു വഴിതെളിച്ചത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.