ബുദ്ധ ജംഗ്ഷനിൽ അപകട ഭീഷണി: തകർന്ന സ്ലാബ് പരിഹരിക്കാതെ അനാസ്ഥ
മാവേലിക്കര: അധികൃതരുടെ അനാസ്ഥയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത് എന്നതിന്റെ ഉദാഹരണമാണ് ബുദ്ധ ജംഗ്ഷനിൽ അലക്ഷ്യമായി സ്ഥാപിച്ച സ്ലാബുകൾ. ഓലകെട്ടിയമ്പലം- മാവേലിക്കര റോഡിൽ നിന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്തെ സ്ലാബ് തകർന്ന് കാൽനട യാത്രക്കാരടക്കം കുഴിയിൽ കാൽ കുടുങ്ങി പരിക്കേൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയപ്പോൾ മുന്നറിയിപ്പായി പ്ലാസ്റ്റിക് ബാരിക്കേഡ് സ്ഥാപിച്ചതൊഴിച്ചാൽ കൂടുതൽ നടപടികൾ ഉണ്ടായില്ല. മാസങ്ങളോളം ഈ അവസ്ഥ തുടർന്നപ്പോൾ അപകടക്കെണിക്ക് ശാശ്വതമായ പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊതുമരാമത്ത് വകുപ്പ് രണ്ട് വലിയ സ്ലാബുകൾ എത്തിച്ചു. എന്നാൽ ഇവ കുഴിക്ക് മുകളിൽ യഥാസ്ഥാനത്ത് സ്ഥാപിക്കാതെ റോഡ് നിരപ്പിന് മുകളിലായി വച്ച നിലയിലാണ്. സ്ലാബുകൾ ഉയർന്ന നിലയിൽ കിടക്കുന്നതിനാൽ അപകടസാദ്ധ്യത തുടരുകയാണ്. മുന്നറിയിപ്പായി സ്ലാബുകൾക്ക് മുകളിലാണ് ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്നത്.
അനാസ്ഥയുടെ 50 ദിനങ്ങൾ
കഴിഞ്ഞ 50 ദിവസങ്ങളായി ഈ സ്ലാബുകൾ വലിയ അപകട ഭീഷണിയായി പ്രധാന റോഡിനോട് ചേർന്ന് കിടക്കുകയാണ്. രണ്ട് സ്ലാബുകൾ സ്ഥാപിക്കാൻ പോലും സമയവും ആൾ ശേഷിയും ഇല്ലാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിക്കെതിരെ വ്യാപക പരാതിയും പ്രതിഷേധവുമാണ് ഉയരുന്നത്. തിരക്കേറിയ ബുദ്ധ ജംഗ്ഷനിൽ അപകടത്തിനായി കാത്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. സ്ലാബുകൾ അടിയന്തിരമായി ഓടയ്ക്ക് മുകളിൽ യഥാവിധി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിനോട് ചേർന്ന് സ്ലാബുകൾ കിടക്കുന്നത് അപകടത്തിന് കാരണമാണ്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. വേഗതയിലെത്തുന്ന കാറുകൾ സ്ലാബുകളിലേക്ക് ഇടിച്ച് കടറി മറിയാനും സാധ്യതയുണ്ട്.
കിരൺ,
പേള