11-3 വിശ്രമ നിർദ്ദേശം കടലാസിൽ, ഉരുകിയൊലിച്ച് തൊഴിലാളികൾ

Monday 27 April 2026 12:10 AM IST
വേനൽച്ചൂടിൽ

കണ്ണൂർ: വേനൽച്ചൂടിൽ ജില്ലയിലെ തൊഴിൽ മേഖലകളിൽ തൊഴിലാളികൾ ഉരുകിയൊലിക്കുന്നു. ചെങ്കൽ ക്വാറികളിൽ യന്ത്രം നിയന്ത്രിക്കുന്നവർ, കരിങ്കൽ കൊത്തിയെടുക്കുന്നവർ, നട്ടുച്ചവെയിലിൽ കെട്ടിടം പണിയുന്നവർ, ടാർ ഒഴിക്കുന്ന റോഡ് തൊഴിലാളികൾ ഇവരെല്ലാം ഉഷ്ണബാധ പേടിച്ച്, ശുദ്ധമായ കുടിവെള്ളം പോലുമില്ലാതെ പണി തുടരുന്നു.

ചോദ്യം ചെയ്താൽ പണിപോകുമെന്ന ഭയം ഒരു ഭാഗത്ത്. ദേശീയപാതാ നിർമ്മാണം അടക്കം നിർദ്ദേശം ലംഘിക്കപ്പെടുന്നതു കണ്ടിട്ടും ഇടപെടാൻ തയ്യാറാകാത്ത അധികൃതർ മറുഭാഗത്ത്.

പകൽ 11 മണി മുതൽ 3 മണി വരെ ജോലിചെയ്യിക്കരുതെന്ന സർക്കാർ നിർദ്ദേശം ഒരിടത്തും പാലിക്കപ്പെടുന്നില്ല. ചോദ്യം ചെയ്താൽ പണി നഷ്ടമാകുമെന്ന ഭയത്തിലാൽ തൊഴിലാളികൾ നിശബ്ദർ. ജില്ലയിൽ പതിനായിരക്കണക്കിന് നാട്ടുകാരും അന്യസംസ്ഥാനക്കാരുമായ തൊഴിലാളികൾ ക്വാറി മേഖലയിലും കെട്ടിടനിർമാണ സൈറ്റുകളിലും നെൽവയലുകളിലും റോഡ് നിർമാണ മേഖലയിലും ഇത്തരത്തിൽ ജോലി ചെയ്യുന്നു.

തീപിടിത്തം ഭീഷണി

ഫയർ സ്റ്റേഷൻ ഇല്ലാത്ത മലയോര പ്രദേശങ്ങളിൽ തീ പടരുമ്പോൾ നാട്ടുകാർ തന്നെ ഓടിയെത്തി കെടുത്തേണ്ട ഗതികേടാണ്. പ്രദേശവാസികളുടെ ചെറിയ ശ്രദ്ധക്കുറവ്, ഒരു സിഗരറ്റ് കുറ്റി ഇത്രയും മതി ഉണങ്ങി വരണ്ട ഭൂമിയിൽ തീ വ്യാപിക്കാൻ.