ഇന്ത്യയെ അടയാളപ്പെടുത്തിയ രഘു റായ്

Monday 27 April 2026 3:16 AM IST

ന്യൂഡൽഹി: 'മാറ്റിയെഴുതാൻ കഴിയാത്ത നശിക്കാത്ത രേഖകളാണ് ഫോട്ടോകൾ' രഘു റായ് ഒരിക്കൽ പറഞ്ഞു. ആയിരം വാക്കുകളേക്കാൾ ശക്തിയും വിശ്വാസ്യതയും ചിത്രങ്ങൾക്കുണ്ടെന്ന് പറയാറുണ്ട്. അത്തരത്തിൽ ഇന്ത്യയെ പല രീതിയിൽ അടയാളപ്പെടുത്തിയ ചരിത്ര നിമിഷങ്ങളാണ് രഘു റായ്‌യുടെ ഫോട്ടോകൾ. ഇന്ത്യയുടെ യഥാർത്ഥ മുഖം തുറന്നുകാട്ടിയ അനേകം നിമിഷങ്ങൾ റായ് ലെൻസിൽ പകർത്തി. സാധാരണക്കാരന്റെ ജീവിതവും ഗംഗയുടെ അഭൗമ സൗന്ദര്യവും ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരതയും ബംഗ്ളാദേശ് വിമോചന യുദ്ധവും പ്രമുഖ വ്യക്തികളുടെ അപൂർവ ഭാവങ്ങളുമെല്ലാം നാം അറിഞ്ഞത് അദ്ദേഹമെടുത്ത ചിത്രങ്ങളിലൂടെയാണ്.

ഫോട്ടോഗ്രാഫറായിരുന്ന ജ്യേഷ്‌ഠൻ എസ്. പോളിന്റെ ക്യാമറയിലായിരുന്നു ബാലപാഠങ്ങൾ. അന്ന് തമാശയ്‌ക്കെടുത്ത ഒരു ഫോട്ടോ ലണ്ടനിലെ ടൈംസ് മാഗസിൻ പ്രസിദ്ധീകരിച്ചു. ഫോട്ടോകൾ കളറിന്റെ മാസ്‌മരികതയിലേക്ക് മാറിയപ്പോഴും ബ്ളാക്ക് ആൻഡ് വൈറ്റിന്റെ സത്യസന്ധതയിൽ റോയ് വിശ്വസിച്ചു. കളർ ഫോട്ടോകൾക്ക് ഗൗരവമില്ലെന്നും നിറങ്ങൾ യഥാർത്ഥമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1965ലെ മുംബയ് സി.എസ്.ടി സ്റ്റേഷന്റെ തിരക്ക് പകർത്തിയ ചില കളർ ചിത്രങ്ങളും ശ്രദ്ധേയം.

ഫോട്ടോ ജേർണലിസ്റ്റ് എന്നറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 1984ലെ ഭോപ്പാൽ വാതകദുരന്തത്തിൽ മരിച്ച കുട്ടിയുടെ സംസ്‌കാരത്തിന്റെ ഫോട്ടോ ദുരന്തത്തിന്റെ ഭീകരത വെളിവാക്കി. ഇരകളുടെ ജീവിതത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളിലേക്കും റായ്‌യുടെ കാമറക്കണ്ണ് പതിച്ചു.

മറ്റുള്ളവർ അവഗണിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള അവിശ്വസനീയമായ കഴിവ് റായ്‌യ്ക്കുണ്ടായിരുന്നു. 1970കളിലെ രാജ്യത്തെ നിർണായക രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഇന്റർനെറ്റില്ലാത്ത കാലത്ത് പിൻതലമുറ പഠിച്ചത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ്. ഇന്ദിര ഗാന്ധിയുടെ ഇന്ന് ലഭ്യമായ അപൂർവ ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോകളിൽ പലതും റായ്‌യുടേതാണ്. മദർ തേരെസ, ദലൈലാമ, നടൻ രാജ്‌കപൂർ തുടങ്ങി നിരവധി പ്രമുഖരുടെ അപൂർവ ഭാവങ്ങളും അദ്ദേഹം ഒപ്പിയെടുത്തു.

ടൈം മാഗസിൻ, ദി ന്യൂയോർക്ക് മാഗസിൻ അടക്കം അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ ഫോട്ടോകൾ കവർ ചിത്രങ്ങളായി. വിദേശങ്ങളിൽ നിരവധി പ്രദർശനങ്ങളും സംഘടിപ്പിച്ചു. 1977ൽ മാഗ്‌നം ഫോട്ടോസിൽ ചേർന്നതോടെ അദ്ദേഹത്തിന്റെ കരിയർ കൂടുതൽ ഉയരങ്ങളിലെത്തി.