വലയിൽ കുടുങ്ങി മലമ്പാമ്പ്, തീരത്തും പരിഭ്രാന്തി
അമ്പലപ്പുഴ: ചൂട് കടുത്തതോടെ തീരപ്രദേത്തും മലമ്പാമ്പ് എത്തിയത് പരിഭ്രാന്തി പരത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോണ ചാപ്പലിന് സമീപം പടിഞ്ഞാറാണ് മത്സ്യ ബന്ധന വലയിൽ കുടുങ്ങിയ നിലയിൽ എട്ടടി നീളവും 40 കിലോയോളം തൂക്കവുമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. മലയോര മേഖലയിൽ കാണുന്ന മലമ്പാമ്പ് എങ്ങനെ തീരദേശത്തെ പൊഴികളിലെത്തിയെന്നത് നാട്ടുകാരുടെ ഭീതി വർദ്ധിപ്പിക്കുന്നു. ഈ പ്രദേശത്ത് കടൽ ഭിത്തിക്കുള്ളിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങൾ ഇറങ്ങുന്നതും പതിവാണ്. ഒരാഴ്ച മുമ്പ് തീരദേശത്തെ പല സ്ഥലത്തത്തും കടൽഭിത്തിയിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങൾ സമീപത്തെ വീടുകളിലെത്തിയിരുന്നു. കടൽ ഭിത്തി നിർമാണത്തിനായി മലയോരപ്രദേശങ്ങളിൽ നിന്ന് ഇറക്കിയ പൂഴി വഴി പാമ്പിൻ മുട്ടകൾ തീരത്തെത്തിയെന്നാണ് കരുതുന്നത്.
അതേസമയം, പാമ്പിനെ സുരക്ഷിതമായി മത്സ്യത്തൊഴിലാളികൾ പിടകൂടിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. വലയിട്ട് കൂട്ടിലാക്കിയ പെരുമ്പാമ്പിനെ ഏറ്റെടുക്കാൻ ഇന്നലെ രാത്രി വരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയില്ല.