യു.എസ് വെടിവയ്പ്: മദ്യം മോഷ്ടിച്ച് അതിഥികൾ

Monday 27 April 2026 12:21 AM IST

വാഷിംഗ്ടൺ: യു.എസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ക്യാബിനറ്റ് അംഗങ്ങളും പങ്കെടുത്ത വിരുന്നിന് നേരെ വെടിവയ്പുണ്ടായ സംഭവം ചർച്ചയായിരിക്കെ, തിരക്കിനും ബഹളത്തിനും ഇടയിൽ മദ്യക്കുപ്പികളുമായി കടക്കാൻ ശ്രമിക്കുന്ന അതിഥികളുടെ വീഡിയോ വൈറൽ. പ്രസിഡന്റ് അടക്കം ഉന്നതരെ ഒഴിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പരക്കംപായുന്നതിനിടെയാണ് സംഭവം. ടേബിളുകളിലുണ്ടായിരുന്ന ആഡംബര വൈൻ, ഷാംപെയ്ൻ കുപ്പികളുമായി സ്ഥലംവിടാനാണ് മാദ്ധ്യമപ്രവർത്തകർ അടക്കം ചിലർ ഇന്നേരം ശ്രമിച്ചത്. കുപ്പികൾ ബാഗുകളിലും ജാക്കറ്റിന്റെ പോക്കറ്റിലുമൊക്കെ വയ്ക്കാൻ ശ്രമിക്കുന്നവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. ടിക്കറ്റ് നിരക്കിന്റെ ഭാഗമായി വൈനിന്റെ വില അതിഥികളിൽ നിന്ന് ഇതിനോടകം ഈടാക്കിയെന്നും വിരുന്ന് റദ്ദാക്കിയ സ്ഥിതിക്ക് അവ പാഴാക്കുന്നതിന് പകരം അവർ കൊണ്ടുപോകുന്നതിൽ തെറ്റില്ലെന്നുമാണ് ചിലരുടെ നിരീക്ഷണം. വിഷയത്തിൽ പരിപാടിയുടെ സംഘാടകരായ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷൻ പ്രതികരിച്ചിട്ടില്ല.