ബോക്സിംഗ് ഭൂപടത്തിൽ ഹരിപ്പാട്,​ ഡ്രാഗൺവേ ഫൈറ്റ് നൈറ്റ് ആവേശമായി

Monday 27 April 2026 12:26 AM IST

ഹരിപ്പാട്: കേരളത്തിലെ പ്രൊഫഷണൽ ബോക്സിംഗ് രംഗത്ത് പുതിയ ചരിത്രമെഴുതി ഹരിപ്പാട്. ഇന്ത്യൻ ബോക്സിംഗ് കൗൺസിലിന്റെ അംഗീകാരത്തോടെ കേരള ബോക്സിംഗ് കൗൺസിലും ഡ്രാഗൺവേ കരാട്ടെ ആൻഡ് ബോക്സിംഗ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഡ്രാഗൺവേ ഫൈറ്റ് നൈറ്റ് സീരീസ്-വൺ കായിക പ്രേമികൾക്ക് ആവേശമായി. ഇതോടെ,​ ആഗോള പ്രൊഫഷണൽ ബോക്സിംഗ് റാങ്കിംഗ് പ്ലാറ്റ്‌ഫോമായ 'ബോക്സ് റെക്കി'ൽ ഹരിപ്പാടും ഇടംപിടിച്ചു.

സെമി പ്രൊഫഷണൽ മത്സരങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള യുവതാരങ്ങൾ മാറ്റുരച്ചത്. എന്നാൽ,​ പ്രൊഫഷണൽ പോരാട്ടങ്ങളാണ് കാണികളെ മുൾമുനയിൽ നിർത്തിയത്. ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര ടൈറ്റിൽ പോരാട്ടമായിരുന്നു ടൂർണമെന്റിലെ പ്രധാന ആകർഷണം. ഡിലീന വീരകോടിയും മിഥുനും തമ്മിലുള്ള മത്സരത്തിൽ ബോക്സിംഗിന്റെ കരുത്തും തന്ത്രങ്ങളും പ്രകടമായിരുന്നു.

റാങ്കിംഗിലേക്ക് റിങ് റാങ്ക് സെമി പ്രൊഫഷണൽ താരങ്ങൾക്കായി ഇന്ത്യയുടെ ആദ്യ റാങ്കിംഗ് പ്ലാറ്റ്‌ഫോമായ 'റിങ് റാങ്ക് ' ഈവേദിയിൽ പുറത്തിറക്കി എന്നതും ശ്രദ്ധേയമായി.

ഓഡിറ്റോറിയത്തിന് അകത്തും പുറത്തുമായി ആയിരത്തോളം കായിക പ്രേമികൾ മത്സരം കാണാനെത്തിയിരുന്നു. പുറത്ത് സജ്ജീകരിച്ച എൽ.ഇ.ഡി സ്ക്രീനുകളിലൂടെയും മത്സരങ്ങൾ തത്സമയം കാണാൻ സൗകര്യമൊരുക്കിയിരുന്നു.

ഇന്ത്യൻ ബോക്സിംഗ് കൗൺസിൽ സി.ഇ.ഒ വിവേക് രാജ്, കേരള ബോക്സിംഗ് കൗൺസിൽ സെക്രട്ടറി വാജിദ് സേഠ്, നഗരസഭ വൈസ് ചെയർമാൻ അനിൽമിത്ര, അബി ഹരിപ്പാട്, സുരജിത്ത്, ആകർഷ്, ബിച്ചു രവി, പ്രീജ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബറിൽ ഹരിപ്പാട് 'ഡ്രാഗൺവേ ഫൈറ്റ് നൈറ്റ് സീരീസ്-2'സംഘടിപ്പിക്കുമെന്ന് ഡ്രാഗൺവേ അക്കാദമി ചീഫ് ഇൻസ്ട്രക്ടർ രാകേഷ് വിദ്യാധരൻ പറഞ്ഞു.