വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകി നടിയും കുടുംബവും തട്ടിയെടുത്തത് ഒൻപത് കോടി, മലയാളിയുടെ പരാതിയിൽ കേസ്

Monday 27 April 2026 8:34 AM IST

ഹൈദരാബാദ്: വിവാഹവാഗ്‌‌ദാനം നൽകി ഹണിട്രാപ്പിലൂടെ 9.35 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടിക്കും കുടുംബത്തിനുമെതിരെ കേസ്. തെലുങ്ക് നടിയും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമായ അഷു റെഡ്ഡി എന്ന വെങ്കട അശ്വിനി റെഡ്‌ഡിക്കും കുടുംബത്തിനുമെതിരായാണ് യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തി പരാതിപ്പെട്ടത്. മൂർത്തിയുടെ മകൻ ലണ്ടൻ മലയാളിയായ വൈ.വി‌ ധർമ്മേന്ദ്രയിൽ നിന്ന്‌ അഷു റെഡ്‌ഡി 9.35 കോടി രൂപ പല കാലങ്ങളായി തട്ടിയെടുത്തെന്നാണ് പൊലീസിൽ പരാതി നൽകിയത്. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

2018 മുതൽ 2025 വരെയുള്ള കാലയളവിൽ ഹണിട്രാപ്പ് വഴി ധർമ്മേന്ദ്രയുടെ പണവും സ്വത്തും ആസൂത്രിതമായി നടിയും കുടുംബവും തട്ടിയെടുത്തെന്ന പരാതിയാണുള്ളത്. 2018ൽ ഒരു പൊതുസുഹൃത്ത് വഴിയാണ് അഷു റെഡ്‌ഡിയെ ധർമ്മേന്ദ്ര പരിചയപ്പെട്ടത്. അമേരിക്കയിൽ നിന്ന് മാസ്റ്റേഴ്‌സ് കഴിഞ്ഞ താൻ സിനിമയിൽ കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണെന്നാണ് ധർമ്മേന്ദ്രയോട് നടി പറഞ്ഞത്. ഈ സമയം ധർമ്മേന്ദ്രയുടെ വിവാഹമോചന നടപടികൾ നടക്കുകയായിരുന്നു.വിവാഹത്തിന് താൻ തയ്യാറാണെന്ന് നടി ധർമ്മേന്ദ്രയെ അറിയിച്ചിരുന്നതായാണ് പരാതിയിലുള്ളത്.

എച്ച് വൺ ബി വിസ തനിക്കുണ്ടെന്നും എന്നാൽ വീട്ടുകാർ സാമ്പത്തികമായി സഹായിക്കുന്നില്ല എന്നുപറഞ്ഞാണ് നടി ധർമ്മേന്ദ്രയിൽ നിന്ന് സഹായം വാങ്ങിത്തുടങ്ങിയത്. പിന്നീട് സിനിമ കരിയ‌ർ, വായ്‌പ, മറ്റ് സ്വന്തം ചെലവുകൾ ഇവയ്‌ക്കായും നടി പണം വാങ്ങി. ലങ്കോ ഹിൽസിന് സമീപം അർക്കമണി കോണ്ടയിൽ ധർമ്മേന്ദ്ര വാങ്ങിയ ഫ്‌ളാറ്റ് അഷു റെഡ്‌ഡി സ്വന്തം പേരിലാക്കി. 2020ൽ നടിയോട് തന്നെ വിവാഹംചെയ്യാൻ ധർമ്മേന്ദ്ര ആവശ്യപ്പെട്ടിട്ടും നടി തയ്യാറായില്ല. ഈ ബന്ധത്തിൽ പിന്നീട് വിള്ളലുണ്ടായി. ബന്ധം തകരാതിരിക്കാൻ നടിയുടെ അമ്മ കൊയ്യ യശോദ റെഡ്‌ഡി, സഹോദരി കൊയ്യ ദിവ്യ റെഡ്‌ഡി ഈ സമയം ഇടപെട്ടിരുന്നു. നടിക്ക് മറ്റൊരാളുമായി ഈ സമയം ബന്ധമുണ്ടായിരുന്നു എന്ന ആരോപണവും പരാതിയിലുണ്ട്. 70 ലക്ഷം രൂപ ഒടുവിൽ തിരികെ നൽകാമെന്ന് പറഞ്ഞ് ബ്‌ളാങ്ക് ചെക്ക് നൽകി. എന്നാൽ പിന്നീട് ഇത് തിരികെവാങ്ങി നശിപ്പിച്ചെന്നും പരാതിയിലുണ്ട്.