മകളുടെ കൊലയാളി ജാമ്യം കിട്ടി പുറത്തിറങ്ങി, വീട്ടിൽ കയറി കൊലപ്പെടുത്തി പിതാവ്
ചെന്നൈ: മകളെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീട്ടിലെത്തി വെട്ടിക്കൊന്ന് പിതാവ്. തഞ്ചാവൂരിലാണ് സംഭവം. പ്രണയത്തിൽ നിന്ന് പിന്മാറിയ ആലങ്കുടി ഗവൺമെന്റ് പ്രൈമറി സ്‌കൂൾ ആദ്ധ്യാപികയായ പി കാവ്യയെ (26) കഴിഞ്ഞ വർഷം നവംബറിൽ കെ അജിത് കുമാർ (29) എന്നയാൾ വെട്ടിക്കൊന്നിരുന്നു. ഇരുചക്ര വാഹനത്തിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന കാവ്യയെ തടഞ്ഞുനിർത്തിയാണ് ഇയാൾ വെട്ടിക്കൊന്നത്. സംഭവസ്ഥലത്തുതന്നെ കാവ്യ മരിച്ചു.
കാവ്യയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിന്റെ പ്രകോപനത്തിലാണ് പ്രതി കൊലപാതകം നടത്തിയത്. ഈ കേസിൽ അറസ്റ്റിലായ അജിത് കുമാർ കഴിഞ്ഞമാസം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. വിവരമറഞ്ഞ കാവ്യയുടെ പിതാവായ പുണ്യമൂർത്തി മൂന്ന് ബന്ധുക്കൾക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി. ഈ സമയം അജിത്തും ബന്ധുക്കളും ഉറക്കമായിരുന്നു. അജിത്തിനെ വെട്ടിക്കൊന്ന ശേഷം പുണ്യമൂർത്തിയും മറ്റ് മൂന്നുപേരും അമ്മൻപേട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരെ കോടതി റിമാൻഡ് ചെയ്‌തിട്ടുണ്ട്.