ജപ്പാനിൽ 6.2 തീവ്രതയിൽ ഭൂചലനം; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ

Monday 27 April 2026 11:40 AM IST

ടോക്കിയോ: വടക്കൻ ജപ്പാന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും തീരപ്രദേശങ്ങൾക്ക് അടിയന്തര ഭീഷണി ഇല്ലെന്നും ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദം അറിയിച്ചു.

യു.എസ് ജിയോളജിക്കൽ സർവ്വേയിൽ ജപ്പാന്റെ വടക്കേയറ്റത്തെ പ്രധാന ദ്വീപായ ഹൊക്കൈ‌ഡോയിലെ സരബെറ്റ്സു എന്ന ചെറിയ പട്ടണത്തിന് പടിഞ്ഞാറ് ഏകദേശം 18കിലോ മീറ്റ‌ർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം, ഒരാഴ്ച മുൻപ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ വൻ ഭൂചലന സാദ്ധ്യതാ മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു. ഇതിനിടയിലാണ് പുതിയ ഭൂചലനം രേഖപ്പെടുത്തിയത്. ജപ്പാൻ ബ്രോ‌ഡ്കാസ്റ്റിങ് കോർപ്പറേഷൻ എൻ.എച്ച്.കെയുടെ റിപ്പോർട്ടനുസരിച്ച് ഒച്ചി, കാമൈഷി തുടങ്ങിയ തുറമുഖ നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

സുനാമി ഭീഷണി മുന്നറിയിപ്പുള്ളതിനാൽ ഹോക്കൈഡോയിലെ ഹച്ചിനോഹെ തുറമുഖത്ത് നിന്ന് കപ്പലുകൾ മാറ്റുന്ന ദൃശ്യങ്ങൾ എൻഎച്ച്കെ ചാനൽ പുറത്തുവിട്ടിരുന്നു. സുനാമി തിരമാലകൾ എത്താൻ സാദ്ധ്യതയുള്ളതിനാൽ തീരദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ വരെ ഉണ്ടായേക്കുമെന്നാണ് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജപ്പാന്റെ സീസ്മിക് ഇന്റൻസിറ്റി സ്കെയിലിൽ 'അപ്പർ 5' എന്ന തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്. ജനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ പ്രയാസം നേരിടുന്നതിനും കോൺക്രീറ്റ് ഭിത്തികൾ തകരുന്നതിനും ഈ തീവ്രത കാരണമായേക്കാം. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂചലനം അനുഭപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. വ്യത്യസ്ത തീവ്രതകളിൽ അനുഭവപ്പെടുന്ന ഭൂചലനങ്ങൾ അവിടത്തെ ദ്വീപുകളിൽ സാധാരണമാണ്.