"പരാജയങ്ങളെ  ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റണം":  വിദ്യാർത്ഥികൾക്ക്  കത്തുമായി  യോഗി  ആദിത്യനാഥ് 

Monday 27 April 2026 11:43 AM IST

ലക്നൗ: ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷ പരിഷത്ത് 2026 പരീക്ഷാ ഫലം പുറത്തുവന്നതിനു പിന്നാലെ വിദ്യാർത്ഥികൾക്ക് തുറന്ന കത്തുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.വിദ്യാർത്ഥികളുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ യോഗി അവർക്ക് തിളക്കമാർന്ന ഭാവിയുണ്ടാകട്ടെയെന്നും ആശംസിച്ചു. പരീക്ഷ ഫലം ഉത്തർപ്രദേശിലെ വിദ്യാർത്ഥികളുടെ കഴിവിന്റെ തെളിവാണെന്നും വരും വർഷങ്ങളിൽ കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കത്തിൽ പറയുന്നു. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അഭിനന്ദിച്ച യോഗി,പരാജയപ്പെട്ടവർക്ക് ആത്മവിശ്വാസം നൽകാനും മറന്നില്ല.പ്രതീക്ഷിച്ച വിജയം നേടാനാകാത്ത കുട്ടികൾ നിരാശപ്പെടരുതെന്നും വിജയവും പരാജയവും ജീവിതത്തിന്റെ.ഭാഗമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

നിരവധി പരാജയങ്ങളെ അതിജീവിച്ചാണ് തോമസ് ആൽവ എഡിസണും ശ്രീനിവാസ രാമാനുജനും ലോകം ആദരിക്കുന്ന നേട്ടങ്ങൾ കൈവരിച്ചതെന്ന് ഓർമ്മിപ്പിച്ച യോഗി പരിശ്രമത്തിലൂടെ വിജയം നേടാൻ സാധിക്കുമെന്നും ചൂണ്ടികാട്ടി.പ്രതിസന്ധികളെ അതിജീവിക്കുന്നതാണ് യഥാർത്ഥ വ്യക്തിത്വ വികസനമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

"ഒരു പരീക്ഷാഫലം നിങ്ങളുടെ മൂല്യമോ ഭാവിയോ നിശ്ചയിക്കുന്നില്ല.പരാജയങ്ങളെ താൽക്കാലിക തടസങ്ങളായി മാത്രം കണ്ട്, അവയെ നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റുക"- യോഗി കത്തിൽ പറയുന്നു .

കുട്ടികൾ രാജ്യത്തിന്റെ വാഗ്ദാനങ്ങളാണെന്നും പരീക്ഷാഫലത്തിന്റെ പേരിൽ കുറ്റപ്പെടുത്താതെ രക്ഷിതാക്കൾ അവരെ ചേർത്തുപിടിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്.രക്ഷിതാക്കൾ കുട്ടികളുമായി തുറന്ന് സംസാരിക്കുകയും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള മേഖല തിരഞ്ഞെടുക്കാൻ അവരെ സഹായിക്കണമെന്നും ,കുട്ടികളുടെ കഴിവും അഭിരുചിയും മനസ്സിലാക്കി അവർക്ക് പിന്തുണ നൽകുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ടെന്നും യോഗി ആദിത്യനാഥ് കത്തിൽ വ്യക്തമാക്കുന്നുണ്ട്.